ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയ ലൊക്കേഷനുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വരിക്കാശ്ശേരി മന. താരപ്രഭാവമുള്ള നായകന്മാരില്‍ പലരുടെയും വീടായത് ഈ കെട്ടിടമായിരുന്നു. വരിക്കാശ്ശേരി മനയെന്ന് കേട്ടാല്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ദേവാസുരത്തിലെ 'മംഗലശ്ശേരി നീലകണ്ഠനും' നരസിംഹത്തിലെ 'പൂവള്ളി ഇന്ദുചൂഡനു'മൊക്കെയാവും. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വരിക്കാശ്ശേരി മനയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രീകരണം പുരോഗമിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'ആറാട്ടി'ന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ തന്‍റെയും പ്രിയ ലൊക്കേഷനുകളിലൊന്നില്‍ വീണ്ടും എത്തിയത്.

മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ലാലിന്‍റെ ചിത്രം പങ്കുവച്ചത്. 'മംഗലശ്ശേരി നീലകണ്ഠന്‍' എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. കഴിഞ്ഞ ദിവസം പുറത്തെത്തിയ ആറാട്ടിന്‍റെ പുതിയ പോസ്റ്ററിലെ ചിത്രവും ഈ ലൊക്കേഷനില്‍ നിന്നുള്ളതാണെന്നു കരുതപ്പെടുന്നു.

 

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.