തിരശ്ശീലയില്‍ ഇവര്‍ ഒന്നിച്ചെത്തിയാലെന്ന് ആരാധകര്‍ ആഗ്രഹിക്കുന്ന ചില കോംബിനേഷനുകളുണ്ട്. അത് ചിലപ്പോള്‍ ചില താരങ്ങളാവാം, അതല്ലെങ്കില്‍ ചില സംവിധായക-താര കോംബിനേഷനുമാവാം. അത്തരത്തില്‍ ഒരു സ്വപ്ന കോംബിനേഷനെക്കുറിച്ചുള്ള ആഗ്രഹം ചില സിനിമാസ്വാദകര്‍ കഴിഞ്ഞ ദിവസം പങ്കുവച്ചു. ഒരു രഞ്ജിത്ത് സിനിമയില്‍ മോഹന്‍ലാല്‍ എത്തുക ഒരു പുതിയ കാര്യമല്ല,  തിരക്കഥാകൃത്തായും സംവിധായകനായും നിരവധി ഹിറ്റുകള്‍ രഞ്ജിത്ത് മോഹന്‍ലാലിനൊപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ആ കൂട്ടുകെട്ടിലേക്ക് പുതുതലമുറയിലെ പ്രഗത്ഭ നടനായ ഹദ് ഫാസില്‍ കൂടി എന്നിയാലോ?

ആരാധകരുടെ ആഗ്രഹ പ്രകടനത്തിന് കാരണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു ചിത്രമായിരുന്നു. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതായിരുന്നു അത്. മോഹന്‍ലാലിനെയും ഫഹദിനെയും ചേര്‍ത്തു പിടിച്ചുനില്‍ക്കുന്ന രഞ്ജിത്ത് ആയിരുന്നു ചിത്രത്തില്‍. 'ഒരു ഇതിഹാസവും മഹാ ഇതിഹാസവും, പ്രഗത്ഭ രചയിതാവിനാല്‍ ബന്ധിപ്പിക്കപ്പെട്ടപ്പോള്‍.. മാന്ത്രികത എന്നത് സ്ഥായിയാണ്. കാലത്തിന് നന്ദി', എന്നായിരുന്നു ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് 'അതൊരു ഗംഭീര നിമിഷമായിരുന്നെ'ന്ന് പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. 

ഈ ചിത്രത്തിനു താഴെത്തന്നെ മൂവരും ഒന്നിച്ച് ഒരു സിനിമ സംഭവിക്കുമോയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. അതേസമയം മോഹന്‍ലാലും ഫഹദ് ഫാസിലും മുന്‍പ് ഒരു ചിത്രത്തില്‍ ഒരുമിച്ചിട്ടുണ്ട്. സലാം ബാപ്പുവിന്‍റെ സംവിധാനത്തില്‍ 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 'റെഡ് വൈന്‍' ആയിരുന്നു ആ ചിത്രം. അനൂപ് എന്ന കഥാപാത്രമായി ഫഹദ് എത്തിയപ്പോള്‍ എസിപി രതീഷ് വാസുദേവന്‍ എന്നായിരുന്നു മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേര്. അതേസമയം മോഹന്‍ലാല്‍ നായകനായ 'ഡ്രാമ'യാണ് (2018) രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം. എന്നാല്‍ അതിനുശേഷവും നിര്‍മ്മാതാവായും നടനായും സജീവമാണ് രഞ്ജിത്ത്.