ത്യാഗരാജനും കസു നെഡയുമായിരുന്നു ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്

സംഘട്ടന രംഗങ്ങളുടെ ദൃശ്യവല്‍ക്കരണം ഉള്‍പ്പെടുന്ന 'മരക്കാറി'ന്‍റെ (Marakkar) ഒരു മേക്കിംഗ് വീഡിയോ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഏതാനും ദിവസം മുന്‍പ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ വാള്‍പ്പയറ്റ് പരിശീലനത്തിന്‍റെ (Sword Training) ഒരു വീഡിയോയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അനായാസം വാള്‍ ചുഴറ്റുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ത്യാഗരാജനും തായ്‍ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.

അതേസമയം പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനങ്ങളില്‍ ലഭിച്ച നെഗറ്റീവ് പബ്ലിസിറ്റിയെ മറികടന്ന് കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. പല റിലീസ് സെന്‍ററുകളിലും ഈ വാരാന്ത്യത്തിലും ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നുണ്ട്. തങ്ങളുടെ സ്വപ്‍ന പ്രോജക്റ്റ് എന്ന് മോഹന്‍ലാലും പ്രിയദര്‍ശനും പറഞ്ഞിരുന്ന ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം കൂടിയാണ്. ഡിസംബര്‍ 2ന് ലോകമാകെ 4100 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം 626 സ്ക്രീനുകളിലും റിലീസ് ഉണ്ടായിരുന്നു. റിലീസ് ദിനത്തില്‍ കേരളത്തില്‍ 600ല്‍ ഏറെ ഫാന്‍സ് ഷോകളും നടന്നിരുന്നു. എന്നാല്‍ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷനെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല.