രാജസ്ഥാനിലാണ് സിനിമ പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്. ഇപ്പോഴിതാ ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനുവേണ്ടി കാത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരും ഉത്തരം പറയുന്ന മോഹന്‍ലാലുമാണ് വീഡിയോയില്‍.

ജയ്സാല്‍മീര്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന സ്ഥലമാണെന്നും മനോഹരമായ പട്ടണമാണെന്നുമാക്കെയാണ് മോഹന്‍ലാലിന്‍റെ മറുപടി. രാജസ്ഥാനില്‍ താന്‍ ആദ്യമായല്ല സിനിമ ചിത്രീകരിക്കുന്നതെന്നും മുന്‍പ് അതിനായി മൂന്ന് തവണ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരങ്ങള്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയെയും കിയാര അദ്വാദിനിയെയും കുറിച്ച് രണ്ട് വാക്ക് പറയാന്‍ ആവശ്യപ്പെടുന്നവരോട് അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ക്ഷണമുണ്ടായിരുന്നില്ലെന്നും പറയുന്നു മോഹന്‍ലാല്‍. ജയിലര്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്ന ചോദ്യത്തിന് അല്ലെന്നും മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിനായി വന്നതാണെന്നും പറയുന്നു അദ്ദേഹം. 

ALSO READ : ഇതില്‍ ഏതാണ് ഒറിജിനല്‍ മമ്മൂട്ടി? ആ ചിത്രം പിറന്ന വഴിയെക്കുറിച്ച് ഫോട്ടോ​ഗ്രാഫര്‍

അതേസമയം ലിജോയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നതിന്‍റെ പേരില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ഹരിപ്രശാന്ത് വര്‍മ്മയും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവരും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു. അതേസമയം രജനീകാന്ത് നായകനാവുന്ന തമിഴ് ചിത്രം ജയിലറില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. ജയിലറിന്‍റെ നിലവിലെ ഷെഡ്യൂളും ജയ്സാല്‍മീറിലാണ് പുരോഗമിക്കുന്നത്. ഇവിടെനിന്നുള്ള രജനീകാന്തിന്‍റെയും മോഹന്‍ലാലിന്‍റെയും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

South Superstar Drishyam Fame Mohanlal Viswanathan Aka Mohanlal Spotted at Jaisalmer Airport