വൈറല്‍ പരസ്യത്തിന്‍റെ സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയത് ആരോഷ് ആയിരുന്നു. 

'ജോർജ്' എന്ന ഒറ്റ വേഷത്തിലൂടെ മലയാളികളുടെ മനസിൽ കയറിക്കൂടിയ 'സുന്ദര കാലമാടനാ'ണ് പ്രകാശ് വർമ. എന്നാൽ സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പരസ്യ മേഖലയിൽ തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ച പ്രകാശ് വർമ, ഒരുക്കിയത് വമ്പൻ കമ്പനികളുടെ പരസ്യങ്ങളാണ്. അവയ്ക്ക് ആരാധകരും ഏറെയാണ്. പിന്നാലെയാണ് തുടരും എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത്. പ്രകടനം കൊണ്ട് അമ്പരപ്പിച്ച പ്രകാശ് വർമ അടുത്തിടെ മലയാളികളെ വീണ്ടും ഞെട്ടിച്ചിരുന്നു. മോഹൻലാലിനെ മോഡലാക്കി അണിയിച്ചൊരുക്കിയ ഒരു ജ്വല്ലറി പരസ്യത്തിലൂടെ ആയിരുന്നു അത്.

പങ്കുവച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രശംസകൾ കൊണ്ട് നിറഞ്ഞ പരസ്യത്തെ പ്രശംസിച്ച് സിനിമാ മേഖലയിൽ നിന്നും ഒട്ടനവധി പേർ രം​ഗത്ത് എത്തിയിരുന്നു. പരസ്യത്തിന്റെ തീമിനായിരുന്നു പ്രശംസകൾ ഏറെയും. പ്രകാശ് വർമ സംവിധാനം ചെയ്ത ഈ പരസ്യത്തിന് സ്റ്റോറി ബോർഡ് തയ്യാറാക്കിയത് ആരോഷ് തേവടത്തിൽ എന്ന ഡൂഡിള്‍ മുനി ആണ്. പരസ്യം ബ്ലോക് ബസ്റ്റർ ഹിറ്റായതിന് പിന്നാലെ ആരോഷ് പങ്കുവച്ചൊരു വീഡിയോ ശ്രദ്ധനേടുകയാണ്.

ജ്വല്ലറി പരസ്യത്തിലേക്ക് താൻ എങ്ങനെ വന്നുവെന്നും അതിന്റെ സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതും റിലീസ് ചെയ്തപ്പോൾ വന്ന ഫീഡ്ബാക്കും അടക്കം ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോ ആണ് ആരോഷ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ആരോഷിനെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്. സ്റ്റോറി ബോർഡ് ആർട്ടിസ്റ്റ് ആയതിൽ അഭിമാനമെന്നും ആരോഷ് കുറിക്കുന്നുണ്ട്. ഡൂഡിള്‍ മുനി എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് ആരോഷ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

View post on Instagram

അതേസമയം, ഹൃദയപൂര്‍വ്വം എന്ന സിനിമയാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രദാപ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്