വലതുകൈക്ക് ഏറ്റ പരുക്ക് വകവെക്കാതെ മോഹന്‍ലാല്‍ 'ബിഗ് ബ്രദറി'ലെ ആക്ഷന്‍ സീക്വന്‍സുകള്‍ പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് അനൂപ് മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷൂട്ടിന്റെ ഇടവേളയില്‍ നടത്തിയ ദുബൈ യാത്രയ്ക്കിടെയാണ് മോഹന്‍ലാലിന് വീണ് പരിക്കേറ്റത്. തിരികെയെത്തിയ മോഹന്‍ലാല്‍ അണിയറക്കാരോട് പോലും ഇക്കാര്യം പറയാതെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൂട്ട് മാറ്റിവച്ചാല്‍ നിര്‍മ്മാതാവിനുള്‍പ്പെടെ ഉണ്ടാകാവുന്ന നഷ്ടത്തെക്കുറിച്ച് ലാല്‍ തിരിച്ചുചോദിച്ചെന്നും അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇപ്പോഴിതാ കൈയിലെ പരുക്ക് വകവെക്കാതെ പതിവുപോലെ ജിമ്മില്‍ എത്തിയ മോഹന്‍ലാലിന്റെ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്.

കാലുകള്‍ക്കുള്ള വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് ലാല്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം 'നൊ ഡേ ഓഫ്' എന്ന ടാഗും ചേര്‍ത്തിട്ടുണ്ട്.

അതേസമയം സിദ്ദിഖിന്റെ സംവിധാനത്തിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം 'ബിഗ് ബ്രദര്‍' ജനുവരിയില്‍ തീയേറ്ററുകളിലെത്തും. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം, സര്‍ജാനോ ഖാലിദ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന സിദ്ദിഖ് ചിത്രമാണ് ബിഗ് ബ്രദര്‍.