'ബ്രോ ഡാഡി' ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്‍റെ പിറന്നാളാശംസ

പൃഥ്വിരാജിന് (Prithviraj Sukumaran) പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍ (Mohanlal). 'ബ്രോ ഡാഡി' (Bro Daddy) ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിയുടെയും തന്‍റെയും ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. ആശിര്‍വാദ് സിനിമാസ് (Aashirvad Cinemas) ആണ് പിറന്നാള്‍ വീഡിയോ പുറത്തുവിട്ടത്. 'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

സിനിമയുടെ ചിത്രീകരണം ഈ മാസം ആറാം തീയതി അവസാനിച്ചിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്.

ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'ന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡി'ല്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.

YouTube video player