ടി സ്വാസികയ്‌ക്ക് 2020 അവിസ്മരണീയമായ വർഷമായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതു മുതൽ ആദ്യമായി ആങ്കറിങ് രംഗത്തേക്ക് വരുന്നതുവരെ ഈ വർഷം താരത്തിന് പ്രത്യേകതളേറെയായിരുന്നു. എങ്കിലും സംസ്ഥാന ചലച്ചിത്ര അവാർഡ് തന്നെയാണ് 2020-ലെ ഏറ്റവും സന്തോഷമുള്ള നിമിഷമെന്ന് സ്വാസിക പറയുന്നു.ഇ- ടൈംസുമായുള്ള അഭിമുഖത്തിലായിരുന്നു 2020 നെക്കുറിച്ചുള്ള ഓർമ്മകളും പുതുവർഷ  പ്രതീക്ഷകളും താരം പങ്കുവച്ചത്.

ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രത്യേകിച്ചും കൊവിഡ് പ്രതിസന്ധിക്ക് ശേഷം, ഈ സിനിമയും മാഞ്ഞുപോകുമെന്നാണ് കരുതിയത്. പക്ഷെ സിനിമയ്ക്ക് മൂന്ന് അവാർഡുകൾ ലഭിച്ചു. കഴിഞ്ഞ 10 വർഷമായി സിനിമാരംഗത്തെ ഉയർച്ചയും താഴ്ചയും കണ്ട് പോരാട്ടങ്ങൾക്കൊടുവിൽ ഇത്രയും വലിയ അംഗീകാരം ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്. ഏവർക്കും ദുഷ്കരമായ വർഷമാണെങ്കിലും, എനിക്ക് വിലമതിക്കാനാവാത്ത അംഗീകാരമാണ് ലഭിച്ചത്. അതിൽ അതിയായ സന്തോഷമുണ്ട്.

2020-ലെ ചിരി നിമിഷങ്ങളെ കുറിച്ചും സാധിക പറഞ്ഞു. അത് മറ്റൊന്നുമല്ല, ഒരു സിനിമാ നടനുമായുള്ള എന്റെ ബന്ധമാണ്. എല്ലാ ദിവസവും രാവിലെ ഞങ്ങളെക്കുറിച്ച് പുതിയ ഗോസിപ്പുകൾ ഉണ്ടാകും. അതാണ് എന്നെ ഈ വർഷം ഏറ്റവും കൂടുതൽ ചിരിപ്പിച്ച കാര്യം- സ്വാസിക പറയുന്നു.

എല്ലാവരേയും പോലെ, പുതുവർഷം എല്ലാവർക്കും നല്ലതാകുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. തിയേറ്ററുകൾ ഉടൻ വീണ്ടും തുറക്കുമെന്നും വിനോദ വ്യവസായം വീണ്ടും സജീവമാകുമെന്നും പ്രതീക്ഷിക്കാം. ഒരു ചിത്രത്തിന്റെ റിലീസിങ് സന്തോഷവുമുണ്ട്, ഒപ്പംതന്നെ മോഹൻ ലാലിനൊപ്പം പുതിയ സിനിമയിൽ കഥാപാത്രം ചെയ്യുന്ന സന്തോഷവുമുണ്ട്. കൊവിഡ് പ്രതിസന്ധി മാറി വിശാലമായി പുഞ്ചിരിക്കാൻ പുതുവർഷം നിരവധി കാരണങ്ങൾ കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.