കേരളത്തെ ഇളക്കിമറിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായിയില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊന്നൊടുക്കിയ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയായിരുന്നു. സംഭവത്തെ ആസ്പദമാക്കി സിനിമകളും സീരിയലുകളും  പ്രഖ്യാപിച്ചിരിക്കുകയണിപ്പോള്‍. കേസുകളും ചില വിവാദങ്ങളും പിന്നാലെയുണ്ടെങ്കിലും കൂടത്തായി എന്ന പേരില്‍ മലയാളത്തില്‍ പരമ്പര ആരംഭിക്കുകയാണ്.

ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയിലാണ് പരമ്പര ചൊവ്വാഴ്ചമുതല്‍ എത്തുന്നത്. എല്ലാത്തിനും ഉപരിയായി പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിക്കുന്നത് മുക്തയാണെന്നതാണ് മറ്റൊരു പ്രത്യേകത. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മുക്ത അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്.

'ഒരിടവേളക്ക് ശേഷം ഞാൻ വീണ്ടും നിങ്ങൾക്കു മുൻപിൽ എത്തുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും ഉണ്ടാവണം' എന്ന അഭ്യര്‍ത്ഥനയുമായി എത്തുകയാണ് മുക്ത. നിരവധി പേരാണ് മുക്തയ്ക്ക് ആശംസകളുമായി എത്തുന്നത്. നേരത്തെ മുക്തയ്ക്ക് ആശംസയറിയിച്ച റിമി ടോമിയും എത്തിയിരുന്നു. കൂടത്തായി പ്രമേയമാക്കി രണ്ട് സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ആന്‍റണി പെരുമ്പാവൂര്‍ ആണ് ഒരു സിനിമ നിര്‍മിക്കുന്നത്.