'ലൂസിഫറി'ന് തുടര്‍ച്ചയായി അണിയറയില്‍ ഒരുങ്ങുന്നത് എന്തെന്നതിന്റെ പ്രഖ്യാപനമാണ് ഇന്ന്. വൈകിട്ട് ആറിന് അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ള 'ലൂസിഫര്‍' ടീം ഇന്നലെ അറിയിച്ചത്. ലൂസിഫറിന് തുടര്‍ച്ചയായി സിനിമാരൂപത്തില്‍ തന്നെ ഒരു സീക്വല്‍ വരുമെന്ന ഉറപ്പ് അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിലും അത്തരത്തിലൊന്ന് സംഭവിക്കുമെന്ന ഉറപ്പിലാണ് ആരാധകരില്‍ ഭൂരിഭാഗവും. എന്നാലും അനൗണ്‍സ്‌മെന്റില്‍ എന്തെങ്കിലും സര്‍പ്രൈസ് എലമെന്റ് കാത്തുവച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയും ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലുണ്ട്. ഇപ്പോഴിതാ അനൗണ്‍സ്‌മെന്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് കൂടി ഇട്ടിരിക്കുകയാണ് മുരളി ഗോപി.

പാറക്കെട്ടുകള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തിന്റെ ചിത്രീകരണവും ഒപ്പം ഇംഗ്ലീഷിലുള്ള മൂന്ന് വരിയും ചേര്‍ന്നതാണ് കുറിപ്പ്. 'ശ്രദ്ധിക്കുന്നവര്‍ക്ക് പാറക്കെട്ട്, കാണുന്നവര്‍ക്ക് ആകാശം, നിരീക്ഷിക്കുന്നവര്‍ക്ക് കണ്ണും' എന്നാണ് മുരളി ഗോപിയുടെ കുറിപ്പ്.

200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാളചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗം തന്നെയാവും ഇന്ന് വൈകുന്നേരെ വരുന്ന പ്രഖ്യാപനം എന്നാണ് ഭൂരിഭാഗവും കരുതുന്നത്. എന്നാല്‍ വരുന്നത് ലൂസിഫറിന്റെ സീക്വല്‍ ആണെങ്കില്‍ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്. ലൂസിഫര്‍ രണ്ടാംഭാഗത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജും മുരളി ഗോപിയും മുന്‍പ് മറുപടി പറഞ്ഞിരുന്നു. തുടര്‍ഭാഗങ്ങള്‍ക്ക് സാധ്യതയുള്ള തരത്തിലാണ് 'ലൂസിഫര്‍' ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും അത്തരത്തിലൊന്ന് എന്തായാലും സംഭവിക്കുമെന്ന് ഉറപ്പൊന്നും നല്‍കിയിരുന്നുമില്ല. എന്തായാലും ഇന്ന് വൈകിട്ട് ആറിന് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് നടക്കുന്ന പ്രഖ്യാപനത്തിന് ഏറെ കൗതുകത്തോടെയാണ് മലയാളസിനിമാലോകവും പ്രേക്ഷകരും കാതോര്‍ത്തിരിക്കുന്നത്.