ലാല്‍ജോസ് സംവിധാനം ചെയ്ത 'രസികന്' തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു മുരളി ഗോപിയുടെ സിനിമാപ്രവേശം. 'കാള ഭാസ്‌കരന്‍' എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടന്‍ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റവുമായിരുന്നു ആ ചിത്രം. അടുത്തതായി ഒരുക്കിയ തിരക്കഥ 'ഈ അടുത്ത കാല'ത്തിന് (2012) മുന്‍പ് രണ്ട് സിനിമകളില്‍ മുരളി ഗോപി അഭിനയിച്ചു. ബ്ലെസ്സിയുടെ ഭ്രമരത്തിലും കമലിന്റെ ഗദ്ദാമയിലും.

മോഹന്‍ലാല്‍ ശിവന്‍കുട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമരത്തില്‍ ഡോ: അലക്‌സ് വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിച്ചത്. പത്ത് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് മുരളി മറ്റൊരു ചിത്രത്തില്‍ മോഹന്‍ലാലുമായി സഹകരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തിരക്കഥയൊരുക്കിക്കൊണ്ട് അദ്ദേഹം ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രത്തിന് രചന നിര്‍വ്വഹിച്ചു. പത്ത് വര്‍ഷത്തെ ഇടവേളയിലുള്ള രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി.

'10 ഇയര്‍ ചാലഞ്ച്' എന്ന പേരില്‍ ഭ്രമരത്തിന്റെയും ലൂസിഫറിന്റെയും സെറ്റുകളില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചിരിക്കുകയാണ് അദ്ദേഹം. 'ഒപ്പം അഭിനയിക്കാനും അദ്ദേഹത്തിനുവേണ്ടി എഴുതാനുമുള്ള ഭാഗ്യവും ബഹുമതിയും ലഭിച്ചു. ഇതിഹാസത്തിനൊപ്പം' എന്ന കുറിപ്പുമായാണ് മോഹന്‍ലാലുമൊത്തുള്ള ചിത്രങ്ങള്‍ മുരളി ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

അതേസമയം ലൂസിഫര്‍ ബോക്‌സ്ഓഫീസില്‍ വന്‍ വിജയത്തിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വാരം പിന്നിടാനൊരുങ്ങുമ്പോഴും ഹൗസ്ഫുള്‍ ഷോകള്‍ ലഭിക്കുന്നുണ്ട് ചിത്രത്തിന്. കേരളത്തിന് പുറത്ത് മലയാളികള്‍ ഏറെയുള്ള ബംഗളൂരു പോലെയുള്ള നഗരങ്ങളിലടക്കം ലൂസിഫര്‍ ടിക്കറ്റിന് ദൗര്‍ലഭ്യമുണ്ട്. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.