മോഹന്‍ലാലിന്റെ മുന്നിലിരുന്ന് അദ്ദേഹത്തെ വരയ്ക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷ. വരച്ച ചിത്രത്തിനൊപ്പമാണ് നാദിര്‍ഷ ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. മറുപടിയായി മോഹന്‍ലാല്‍ വരച്ചുനല്‍കിയ ചിത്രവും നാദിര്‍ഷ പങ്കുവച്ചിട്ടുണ്ട്.

''ഞാന്‍ പ്രിയപ്പെട്ട ലാലേട്ടന്റെ മുന്പിലിരുന്ന് അദ്ദേഹത്തെ നോക്കി വരക്കാന്‍ ശ്രമിച്ചു. മറുപടിയായി അദ്ദേഹം എനിക്കും വരച്ചു തന്നു ഒരു പടം. ഒരുപാട് ഇഷ്ടം'', ചിത്രങ്ങള്‍ക്കൊപ്പം നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

'മേരാ നാം ഷാജി'യാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തെത്തിയ ചിത്രം. ആസിഫ് അലിയും ബിജു മേനോനും ബൈജുവുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഏപ്രിലിലാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ദിലീപ് നായകനാവുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രമാണ് നാദിര്‍ഷ അടുത്തതായി സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സജീവ് പാഴൂരാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.