2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം.
മലയാളത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തമിഴ് സിനിമയിലെ മുൻനിര താരമായി വളർന്ന ആളാണ് നയൻതാര. ഒടുവിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും സിനിമാലോകം നയൻതാരയ്ക്ക് ചാർത്തി കൊടുത്തു. കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി തെന്നിന്ത്യൻ താരറാണിയായി നിറഞ്ഞ് നിൽക്കുന്ന നയൻതാര സമീപകാലത്ത് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. തന്റെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനിടയിലാണ് ഭർത്താവ് വിഘ്നേഷ് ശിവനുമായി നയൻതാര വിവാഹ ബന്ധം വേർപെടുത്തുന്നെന്ന തരത്തിൽ വാർത്തകൾ വന്നത്.
നായൻതാരയുടേതെന്ന തരത്തിൽ പുറത്തുവന്നൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആയിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ‘വിവാഹം ഒരു അബദ്ധം’ എന്ന് കുറിച്ചുള്ളതായിരുന്നു പോസ്റ്റിൽ ഭർത്താവ് മോശം എന്ന തരത്തിലും വാക്കുകളുണ്ടായിരുന്നു. പിന്നാലെ ഇത് ഡിലീറ്റും ചെയ്തുവെന്നായിരുന്നു പ്രചാരം. ഇതിന്‍റെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇത് വ്യാജമാണെന്ന് കണ്ടുപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനോടകം തന്നെ വിഘ്നേഷും നയൻതാരയും വേർപിരിയുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങള്‍ പരക്കുക ആയിരുന്നു. ഇപ്പോഴിതാ ഇവയ്ക്കെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് നയൻതാര. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു പ്രതികരണം.
കിടക്കുന്ന വിഘ്നേഷിന് പുറത്തിരിക്കുന്ന തന്റെ ഫോട്ടോ ആണ് നയൻതാര പങ്കുവച്ചിരിക്കുന്നത്. ഒപ്പം ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധമായ വാർത്തകൾ കാണുന്ന ഞങ്ങളുടെ റിയാക്ഷൻ’ എന്നും കുറിച്ചിട്ടുണ്ട്. ഈ സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം. ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്ത വിവാഹം സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. പിന്നാലെ വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഉയിർ, ഉലകം എന്നാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ. ഇവർക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.



