സിനിമാ മേഖലയില്‍ പലരുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് നസ്രിയ നസിം. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പലര്‍ക്കുമൊപ്പമുള്ള സൗഹൃദ നിമിഷങ്ങള്‍ നസ്രിയ പങ്കുവെക്കാറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നസ്രിയ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം പക്ഷേ ആരാധകരില്‍ സന്തോഷവും കൗതുകവുമൊക്കെ ഒരേപോലെ ഉണര്‍ത്തുന്ന ഒന്നായിരുന്നു.

ഒരു സ്ത്രീസുഹൃത്തിനൊപ്പമുള്ളതായിരുന്നു നസ്രിയയുടെ ചിത്രം. ഒപ്പമുള്ളതാരെന്ന് പക്ഷേ ആ വ്യക്തിയെ പരിചയമുള്ളവര്‍ക്കുപോലും പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്ന ചിത്രമായിരുന്നില്ല അത്. നടി ജ്യോതിര്‍മയി ആയിരുന്നു ചിത്രത്തില്‍ നസ്രിയയ്ക്കൊപ്പം ഉണ്ടായിരുന്നത്. വെട്ടിയൊതുക്കിയ ഗ്രേ ഹെയറിലുള്ള ജ്യോതിര്‍മയിയെ, സിനിമകളിലൂടെ കണ്ടവര്‍ക്ക് ഒറ്റയടിക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.

 
 
 
 
 
 
 
 
 
 
 
 
 

💕

A post shared by Nazriya Nazim Fahadh (@nazriyafahadh) on Nov 4, 2020 at 9:26pm PST

മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് നസ്രിയയ്ക്ക് ഈ ചിത്രത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. ഇരുവരുടെയും സുഹൃത്തുക്കളായ റിമ കല്ലിങ്കല്‍, ശ്രിണ്ഡ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ് തുടങ്ങിയവരൊക്കെ പുതിയ മേക്കോവറില്‍ ജ്യോതിര്‍മയിക്ക് അഭിനന്ദനങ്ങളുമായെത്തി. 

ജ്യോതിര്‍മയി മൊട്ടയടിച്ചപ്പോഴുള്ള ഒരു ചിത്രം മാസങ്ങള്‍ക്കു മുന്‍പ് അമല്‍ നീരദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 2015 ഏപ്രിലില്‍ ആയിരുന്നു ജ്യോതിയുടെയും അമലിന്‍റെയും വിവാഹം. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത പൈലറ്റ്സ് (2000) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ജ്യോതിര്‍മയി മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമകളില്‍ അഭിനയിച്ചിട്ടില്ല.