പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നായ നീലക്കുയില്‍ ഉദ്വേഗജനകമായ ഘട്ടങ്ങളിലൂടെ കടന്നുപോവുകയാണ്. ആദിയുടെയും റാണിയുടെയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തില്‍ കസ്തൂരി ഒറ്റപ്പെടുമ്പോള്‍ സത്യം എങ്ങനെയാണ് പുറത്തുവരിക എന്നതാണ് കഥയില്‍ നിലവിലുള്ള സസ്‌പെന്‍സ്. ഒറ്റപ്പെടലിനവസാനം കസ്തൂരി വീടിന് പുറത്താകുമോ ഇനി പൊലീസ് കേസെടുത്ത് അന്വേഷിച്ചാല്‍ വീട്ടില്‍നിന്ന് പുറത്താകുന്നത് ആരായിരിക്കും എന്ന രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്.

പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായ വനമകള്‍ കസ്തൂരിയ്ക്കുമേല്‍ കുറ്റംചാരി അവളെ വീട്ടില്‍നിന്ന് പുറത്താക്കാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് ആദിയും റാണിയും ആദിയുടെ സഹോദരി സ്വാതിയും മറ്റും. പൊലീസില്‍ പരാതിപ്പെട്ടാല്‍ കാട്ടിലെ വിവാഹരഹസ്യം ആളുകള്‍ അറിയും എന്നതിനാല്‍ അതിനും കഴിയാതെ കുഴങ്ങിയിരിക്കുകയാണ് ആദി. എന്നാല്‍ തെറ്റിദ്ധാരണകള്‍ മാറി കസ്തൂരി വീട്ടില്‍ത്തന്നെ നില്‍ക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ കുറ്റം ചെയ്തവര്‍ ആരായാലും സ്വന്തം മകളായാല്‍പ്പോലും ശിക്ഷ അര്‍ഹിക്കുന്നുണ്ട് എന്നാണ് സ്വാതിയുടെ അമ്മയുടെ ഭാഷ്യം. മകളാണ് കുറ്റക്കാരി എന്നു തെളിഞ്ഞാല്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അമ്മ പറയുന്നുണ്ട്. വല്ല്യച്ഛനാണ് ഈ സന്ദര്‍ഭത്തില്‍ കസ്തൂരിയ്ക്ക് ഏക തുണയായിട്ടുള്ളത്.

പച്ചവെള്ളം കൊടുത്ത് ആദിയോടും റാണിയോടും ചായ കുടിക്കൂ എന്നുപറയുന്ന കസ്തൂരിയ്ക്ക് മാനസികപ്രശ്‌നമാണോ എന്ന സംശയം പരമ്പരയിലാകെ നിലനില്‍ക്കുന്നുണ്ട്. കസ്തൂരിയിലേക്ക് അന്വേഷണം എത്തിയാല്‍ അത് തന്നിലേക്ക് നീളുമെന്ന പേടിയില്‍ സ്വാതി കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങളും കേസ് കൊടുക്കാനും കൊടുക്കാതിരിക്കാനും കഴിയാതെ ആദി ഉഴലുന്നതും പ്രേക്ഷകരെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനിയെന്ത് സംഭവിക്കുമെന്നും കേസ് എന്താകുമെന്നുമറിയാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കേണ്ടിയിരിക്കുന്നു.