നായകനായ ആദിത്യന്‍ കാട്ടിലകപ്പെടുന്നതിലൂടെയാണ് കഥാസഞ്ചാരം തുടങ്ങിയത്. വഴിതെറ്റി എത്തിയ ആദിത്യന് വഴികാട്ടിയായി എത്തിയ വനമകള്‍ കസ്തൂരിയുമൊത്ത് ഒരുദിവസം കാട്ടില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നു. ഇത് ഊരുനിയമപ്രകാരം തെറ്റാണെന്ന് വിധിക്കുകയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നതാണ് കഥയുടെ അടിത്തറ.

എന്നാല്‍ വിവാഹ വിവരം വീട്ടില്‍ പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. തുടര്‍ന്ന് കസ്തൂരി വീട്ടുവേലക്കാരിയായി വീട്ടില്‍ തുടരുകയാണ്. കാട്ടിലേക്ക് പോകുന്നതിനും ഏഴ് വര്‍ഷങ്ങള്‍ മുന്നേതന്നെയുള്ള ആദിയുടെ പ്രണയം, റാണി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിലേക്കെത്തുന്നു. വീട്ടിലെ പല കഥാത്രങ്ങള്‍ക്കും സത്യമറിയാമെങ്കിലും അതിന്റെ രഹസ്യ സ്വഭാവം തുടരുകയാണ്. കൂടാതെ ആദിയുടെ ഭാര്യയായ റാണിയുടെ അച്ഛന്റെ മറ്റൊരു ഭാര്യയിലുണ്ടായ കുട്ടിയാണ് കസ്തൂരിയെന്ന വിവരവും ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് ഉദ്യോഗജമനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പരമ്പര എല്ലാം കലങ്ങിത്തെളിഞ്ഞാണ് പര്യവസാനിക്കുന്നത്. റാണി എന്തിനാണ് മാസി എന്ന ഗുണ്ടയെ ജയിലില്‍നിന്നും പുറത്തിറക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാവരുടേയും സംശയമായിരുന്നു. ആ കാരണംകൊണ്ടുതന്നെ റാണി പലപ്പോഴും വീട്ടില്‍ തിരസ്‌കൃതയുമായിമാറി. എന്നാല്‍ കസ്തൂരിയെ വീട്ടുവേലക്കാരിയായി വച്ചതില്‍ ദേഷ്യമുള്ള മാസ്സി തന്റെ ഭര്‍ത്താവിനെ ഒന്നും ചെയ്യരുത് എന്ന് പറയാനായിരുന്നു റാണി ശ്രമിച്ചത്. അവസാനത്തെ എപ്പിസോഡുവരെയും പരമ്പര അതിന്റെ ട്വിസ്റ്റ് സൂക്ഷിച്ചിരുന്നു. എല്ലാവരും റാണിയും ആദിയും ഒന്നിക്കണം എന്നാഗ്രഹിച്ചപ്പോഴും, ആദിയേയും കസ്തൂരിയേയും വിവാഹം കഴിപ്പിക്കാനുള്ള ശ്രമമായിരുന്നു പരമ്പരയില്‍.

എന്നാല്‍ അവസാനത്തെ എപ്പിസോഡില്‍ ശരത്ത് തന്റെ അച്ഛനാണെന്നും, റാണി തന്റെ യഥാര്‍ത്ഥ ചേച്ചിയാണെന്നും അറിയുന്ന കസ്തൂരി, ആദിയേയും റാണിയേയും വീണ്ടും ഒന്നിപ്പിക്കുകയാണ്. കസ്തൂരിയുടെ ഡോക്ടര്‍പഠനം വീണ്ടും തുടരുകയും ചെയ്യുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം കാണിക്കുന്ന രംഗങ്ങളില്‍ ആദിക്കും റാണിക്കും കുട്ടി ഉണ്ടായതും, കസ്തൂരി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടറായി പരിണമിച്ചതുമാണ് കാണിക്കുന്നത്. ഇത്രകാലം പരസ്പരം പോരടിച്ചവരെല്ലാം ഒന്നിച്ച് കസ്തൂരിയുടെ വിവാഹത്തിനായി ചെക്കനെ തിരയുന്നിടത്താണ് പരമ്പരയിക്ക് അന്ത്യമാകുന്നത്.