പ്രേക്ഷകര്‍ക്ക് ആകാംക്ഷകള്‍ സമ്മാനിച്ച് 536 എപ്പിസോഡുകള്‍ കഴിഞ്ഞ് മുന്നേറുകയാണ് നീലക്കുയില്‍ പരമ്പര. ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തില്‍നിന്ന് കസ്തൂരിയുടെ മുകളില്‍നിന്നും  മഴമേഘങ്ങള്‍ നീങ്ങുകയാണ്. കസ്‍തൂരിയുടെ മാനസികനില വീണ്ടും നല്ലരീതിയിലായിരിക്കയാണ് കഥയില്‍. റാണിയാണ് കുഞ്ഞിനെ ഇല്ലാതാക്കിയതെന്ന സ്വാതി കസ്‍തൂരിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പുതിയ പരമ്പരയില്‍. റാണിയാണ് കുട്ടിയുടെ ഘാതക എന്ന് സരോജിനിയമ്മയും സ്വാതിയും ചേര്‍ന്ന് ആദിയേയും തെറ്റിദ്ധരിപ്പിക്കുന്നു. എത്തരത്തിലാകും സത്യങ്ങള്‍ മറനീക്കിയെത്തുക എന്നതാണ് നീലക്കുയില്‍ ഒളിച്ചുവച്ചിരിക്കുന്ന ട്വിസ്റ്റ്.

സ്വാതിയുടെ അമ്മ രാധാമണിയും ഭര്‍ത്താവ് ശരത്തും കുട്ടിയെ ഇല്ലാതാക്കിയതിനെപ്പറ്റിയുള്ള ഗംഭീരചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് പുതിയ പരമ്പരയില്‍ കാണിക്കുന്നത്. റാണിയെയും തങ്ങള്‍ക്ക് സംശയമുള്ളതിനാല്‍ പൊലീസില്‍ അറിയിക്കുന്നത് ശരിയല്ല എന്ന രീതിയിലാണ്  ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ നമ്മള്‍ പോലീസില്‍ അറിയിച്ചില്ലെങ്കിലും കൗസ്‍തൂഭത്തിലെ ആരെങ്കിലും പോലീസില്‍ അറിയിക്കയും പ്രശ്‌നമാവുകയും ചെയ്യും എന്ന രീതിയിലാണ്  ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കസ്‍തൂരിയെ അനാവശ്യമായി സംശയിച്ചതിന്റെ കുറ്റബോധത്തില്‍ നീറുന്ന ആദി റാണിയെ പൂര്‍വ്വാധികം സംശയിക്കയാണ്. ചെറിയമ്മയും ആദിയും രവിയും തമ്മിലുള്ള സംഭാഷണങ്ങള്‍ പരമ്പരയില്‍ പുതിയ മാനങ്ങള്‍ ചേര്‍ക്കുകയാണ്. ചെറിയമ്മയും റാണിയും തമ്മിലെ രഹസ്യസംസാരങ്ങള്‍ പലതവണ കേട്ട ആദി, റാണിയെ സംരക്ഷിക്കാനാണ് ചെറിയമ്മയും ശ്രമിക്കുന്നത്. കസ്‍തൂരിയെ ബലിയാടാക്കുകയാണ് എന്നെല്ലാം ചിന്തിച്ചു കൂട്ടിയിരിക്കയാണ്. എന്നാല്‍ അതല്ല സത്യമെന്നും ആദി മുഴുവനായും കേള്‍ക്കാത്തത്തിന്റെ കുഴപ്പമാണ് എന്നെല്ലാം ചെറിയമ്മ പറയുന്നുണ്ടെങ്കിലും ആദി വിശ്വസിക്കുന്നില്ല എന്ന രീതിയിലാണ് കഥാഗതി മുന്നോട്ടുപോകുന്നത്.

ആദിയുടെ സംശയങ്ങളെ തൊപ്പും തൊങ്ങലും വച്ച് വലുതാക്കുകയാണ് കൗസ്‍തൂഭത്തിലെ വേലക്കാരി സരോജിനിയമ്മയും സ്വാതിയും ചേര്‍ന്നു ചെയ്യുന്നത്.  ഷാരമ്മ സരോജിനിയെ ഫോണില്‍ വിളിച്ച് അവിടെ നടക്കുന്ന സംസാരങ്ങള്‍ പറഞ്ഞുകൊടുത്തത് കഴിഞ്ഞ എപ്പിസോഡില്‍ കാണാന്‍ കഴിഞ്ഞതാണ്. ആ സത്യങ്ങള്‍ ആദിയോട് സരോജിനിയമ്മ പറഞ്ഞുകൊടുത്തിരിക്കയാണ്. റാണിക്ക് പണ്ടുണ്ടായിരുന്ന കാമുകനെപ്പറ്റിയും, അവനുവേണ്ടി ആദിയില്‍നിന്ന് വിവാഹമോചനം നേടാന്‍ ശ്രമിച്ചതും എല്ലാം അറിഞ്ഞ ആദി റാണിയുടെ മുറിയിലേക്ക് ചെല്ലുന്നിടത്താണ് പുതിയ എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്.

കസ്‍തൂരിയുടെ രോഗത്തിന് വ്യത്യാസം വന്നിരിക്കുകയാണ്. ഓര്‍മ്മകള്‍ മാഞ്ഞെന്നതുപോലെ കസ്തൂരി അഭിനയിക്കുകയാണോ അതോ സത്യമാണോ, കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തില്‍ കസ്തൂരിയുടെ മേല്‍നിന്ന് കാറുകള്‍ നീങ്ങിത്തുടങ്ങിയോ, സ്വാതിയുടെ അടവുകള്‍ കൗസ്‍തൂഭത്തില്‍ പുത്തന്‍ പൊട്ടിത്തെറികള്‍ സൃഷ്‍ടിക്കുമോ എന്നെല്ലാമറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുക തന്നെ വേണം.