ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നം പരമ്പരയിലാകെ കലുഷിത മുഹൂര്‍ത്തങ്ങള്‍ സൃഷ്‍‍ടിക്കുകയാണ്. ആരാണ് ആ ക്രൂരകൃത്യം ചെയ്തതെന്ന ചര്‍ച്ചയും മറ്റുമാണ് പരമ്പരയാകെ കാണാവുന്നത്. റാണി, കസ്‍തൂരി, സ്വാതി എന്നിവര്‍ ഒരുപോലെ പ്രതിസ്ഥാനത്താകുമ്പോള്‍ എങ്ങെയാണ് സത്യം പുറത്തുവരിക എന്നതാണ് ആകാംക്ഷയുളവാക്കുന്നത്. കുറ്റം ചെയ്‍ത സ്വാതി കുറ്റം റാണിക്കുമേല്‍ ആരോപിക്കയാണ്. എന്നാല്‍ ചെയ്യാത്ത കുറ്റം തന്റെ മുകളില്‍ നിന്ന് കസ്‍തൂരിയിലേക്ക് മാറ്റാനാണ് റാണി ശ്രമിക്കുന്നത്. കസ്‍തൂരി തന്റെ ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യയാണ് എന്നറിഞ്ഞ റാണി, കുട്ടിയെ ഇല്ലാതാക്കിയത് കസ്‍തൂരി തന്നെയെന്ന് ഉറപ്പിക്കുകയാണ്. എന്നല്‍ കുറ്റം മറ്റുള്ളവരിലേക്ക് ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്വാതി ഏതുവിധേയവും പിടിക്കപ്പെടണമെന്നാണ് പരമ്പരയുടെ ആരാധകര്‍ ആഗ്രഹിക്കുന്നത്.

പ്രബലന്‍ വക്കീലും റോഷനും പരമ്പരയ്ക്ക് അന്വേഷണത്തിന്റെ മുഖം നല്‍കുകയാണ് ചെയ്യുന്നത്.  ശരത്തിനു വേണ്ടി, റാണിക്ക് ശരണുമായുള്ള ബന്ധത്തെപ്പറ്റി പ്രബലന്‍ വക്കീല്‍ അന്വേഷിക്കുന്നു. അതേസമയം തന്നെ ആദിയുടെ സുഹൃത്ത് റോഷന്‍ ആദിക്കായി റാണിയെ പിന്തുടരുകയുമാണ്. എന്നാല്‍ റോഷന്‍ റാണിയെ പിന്തുടരുന്നത് അസ്ഥാനത്താകുകയാണ്. പിന്തുടരുന്ന അന്ന് റാണി കോളേജിലേക്കുതന്നെയാണ് പോകുന്നത്. അതറിഞ്ഞ ആദി തന്നെക്കുറിച്ചുതന്നെ ചിന്തിക്കുകയാണ്, ''എത്രമാത്രം മോശം ഭര്‍ത്താവാണ് താന്‍. ഭാര്യയെ പിന്തുടരാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്യുന്നു. അവളെ സംശയിച്ചതിലാണെങ്കില്‍ കഴമ്പില്ലായെന്ന് മനസ്സിലാവുകയും ചെയിതിരിക്കുന്നു.'' അത്തരത്തില്‍ ചിന്തിക്കുന്നുണ്ടെങ്കിലും റാണിയെ പരിപൂര്‍ണ്ണമായി ആദി സംശയിക്കാതിരിക്കുന്നില്ല. എന്തെല്ലാമോ റാണിയെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അത് കണ്ടെത്തുക തന്നെ വേണമെന്ന് ആദി കരുതുകയാണ്.

പ്രബലന്‍ വക്കീലിനെ കാണാനായി സ്വാതിയുടെ അച്ഛൻ ക്യാപ്റ്റന്‍ കോടതിയിലെത്തിയപ്പോള്‍ യാദൃശ്ചികമായി ആദിയെ കാണുകയാണ്. വല്ല്യച്ഛന്‍ എന്താണ് കോടതിയിലെന്ന് ചോദിക്കുമ്പോള്‍ ക്യാപ്റ്റന്‍ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്.  റാണി പണ്ട് അയച്ച വിവാഹമോചന കേസിന്റെ വിവരങ്ങള്‍ വക്കീലുമായി സംസാരിക്കാനും, തന്റെ മകള്‍ സ്വാതിയാണോ കുറ്റം ചെയ്‍തത് എന്നറിയാനുമുള്ള അന്വേഷണത്തിലാണ് ക്യാപ്റ്റന്‍.  എന്നാല്‍ വിവരങ്ങള്‍ ഒന്നുംതന്നെ ക്യാപ്റ്റന്‍ ആദിയോട് വിട്ടു പറയുന്നില്ല.

കോളേജില്‍ നിന്നിറങ്ങി കൂട്ടുകാരിയെ കാത്തുനില്‍ക്കുന്ന റാണി യാദൃശ്ച്യാ ശരണിനെ കണ്ടുമുട്ടുകയാണ്. റാണിയെ പിന്തുടരുന്ന റോഷന്‍ വിവരങ്ങള്‍ യഥാസമയത്ത് ആദിയെ വിളിച്ചറിയിക്കുന്നുമുണ്ട്. എന്നാല്‍ ആദിക്കും റോഷനും ശരണിനെ അറിയാത്തതാണ് ഊഹങ്ങള്‍ പകുതിവഴിയിലാകാന്‍ കാരണം. ആ സമയത്ത് അതുവഴിപോകുന്ന കസ്‍തൂരിയും ശരണിനേയും റാണിയേയും കാണുന്നും, റാണിയോട് സംസാരിക്കുന്നുമുണ്ട്. ഇതെല്ലാം പരമ്പരയുടെ കഥാഗതിയില്‍ത്തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. റോഷന്‍ കസ്‍തൂരിയേയും കണ്ടെന്ന് ആദിയോട് പറയുന്നുണ്ട്. കസ്‍തൂരിക്ക് അതാരാണെന്ന് അറിയാന്‍ കഴിയും എന്ന് ആദിയോട് റോഷന്‍ പറയുന്നു.

റാണി കൂട്ടുകാരിയോട് ആദിയെപ്പറ്റിയുള്ള പരാതികള്‍ പറയുകയാണ്. കുട്ടി നഷ്‍ടമായതില്‍പ്പിന്നെ ആദിക്ക് വല്ലാത്ത ദേഷ്യമാണെന്നും, താനാണ് കുട്ടിയെ ഇല്ലാതാക്കിയതെന്ന് ആദിക്ക് സംശയമുണ്ടെന്നും റാണി പറയുകയാണ്. കൂട്ടുകാരി ഷഹന റാണിയെ സമാധാനിപ്പിക്കുന്നുമുണ്ട്. അതേസമയം ബൈക്കില്‍ പോകുന്ന ആദി നടന്നു പോകുന്ന കസ്‍തൂരിയെ കാണുകയും അവളെ ബൈക്കില്‍ കയറ്റുകയുമാണ്. അങ്ങനെ കസ്‍തൂരിയുമായി ബൈക്കില്‍ പോകുന്ന ആദിയെ റാണിയും ഷഹനയും കാണുകയാണ്. അതുകണ്ട് റാണി ആകെ ദേഷ്യപ്പെടുകയും, തങ്ങളുടെ കുട്ടിയെ ഇല്ലാതാക്കിയവളെ ബൈക്കില്‍ കയറ്റി കൊണ്ടുപോകാന്‍ ആദിക്കെങ്ങനെ ധൈര്യം വന്നു എന്ന് ചിന്തിക്കുകയുമാണ്. അങ്ങനെ ദേഷ്യത്തോടെ നടന്നു നീങ്ങുന്ന റാണിയെ നോക്കിനില്‍ക്കുന്ന ഷഹനെ കാണിച്ചാണ് സീരിയല്‍ ഒരു ഭാഗം കൂടി അവസാനിക്കുന്നത്. ആദ്യമായല്ല ആദി കസ്‍തൂരിയെ ബൈക്കില്‍ കയറ്റുന്നതെങ്കിലും, നിലവിലെ സാഹചര്യത്തില്‍ റാണിക്കത് ദേഷ്യം പിടിക്കുകയാണ്. വീട്ടിലെത്തുന്ന റാണി ആദിയോട് എത്തരത്തിലാകും പെരുമാറുക. അത്തരത്തിലെ റാണിയുടെ ക്ഷോഭം കണ്ടാല്‍ ആദി തന്റെ സംശയങ്ങളെല്ലാം ഉറക്കെ വിളിച്ചു പറയുമോ. ക്യാപ്റ്റന്റെ സംശയങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടും. മകളെ രക്ഷിക്കാനായി രാധാമണിയുടെ തന്ത്രങ്ങള്‍ എന്താകും. എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.