റാണിയുടെയും ആദിയുടെയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നം പരമ്പരയെയാകെ കലുക്ഷിതമാക്കുകയാണ്. റാണി തന്നെയാണ് കുട്ടിയെ ഇല്ലാതാക്കിയതെന്നാണ് ഇപ്പോള്‍ എല്ലാവരും കരുതുന്നത്. അതിനിടെ സ്വാതിയുടെ നാടകങ്ങളും റാണിയെ പ്രതിസന്ധിയിലാക്കുകയാണ്. റാണി സ്വാതിയെ കൊല്ലാന്‍ ശ്രമിച്ചു എന്നുതന്നെയാണ് അമ്മ ചന്ദ്രിക വിശ്വസിക്കുന്നത്. കസ്‍തൂരി സത്യങ്ങളെല്ലാം സത്യമായിത്തന്നെ കൗസ്‍തൂഭത്തില്‍ പറഞ്ഞതോടെ രാധാമണി ആകെ പെട്ടിരിക്കുകയാണ്. എന്നാല്‍ തന്റെ കുറ്റങ്ങളെല്ലാം ശരത്തിന്റെ അനിയത്തി ശാരിയുടെ തലയില്‍ വയ്ക്കാനാണ് ഷാരമ്മ രാധാമണിയെ ഉപദേശിക്കുന്നത്. അല്ലെങ്കില്‍ ശരത്ത് വരുമ്പോള്‍ തന്റെ തല പോകുമെന്നാണ് രാധാമണി കരുതുന്നത്. അതുപോലെതന്നെ ശരത്ത് രാധാമണിയെ പഴി പറയുകയാണ്. നീ കാരണം നമ്മുടെ മോള്‍ക്ക് കൗസ്‍തൂഭത്തില്‍ നില്‍ക്കാന്‍ കഴിയാതെയായി എന്നുതന്നെയാണ് ശരത്ത് പറയുന്നത്.

എന്നാല്‍ രാധാമണി പറയുന്നത്, എല്ലാം തന്നെ ശാരിയുടെ കുറ്റമാണെന്നാണ്. കസ്‍തൂരിയോട് കാര്യങ്ങള്‍ പറഞ്ഞത് ശാരി തന്നെയാണ്, എന്നാല്‍ എല്ലാം രാധാമണിയുടെ ബുദ്ധി ആയിരുന്നെന്നുമാത്രം. താനല്ല കസ്‍തൂരിയോട് പറഞ്ഞത് എന്ന് ഏട്ടനോട് പറയാന്‍ ശാരിക്ക് കഴിയുന്നില്ല. ശരത്ത് ശാരിയെ തല്ലുകയും, നീയും രാധാമണിയുംതമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ശാരിയെ കുറ്റപ്പെടുത്തുകയുമാണ്. കസ്‍തൂരിയും തന്റെ മകളാണെന്ന് അറിഞ്ഞിട്ടും ശാരി അങ്ങനെ ചെയ്തതിലാണ് ശരത്തിന്റെ സങ്കടം.

അതേസമയം ആദി റോഷനോട്, വീട്ടില്‍ നടന്ന കാര്യങ്ങളെല്ലാം പറയുന്നു. എല്ലാം റാണി തന്നെയാണ് ചെയ്‍തതെന്നാണ് ആദി കരുതുന്നത്. റാണി ഫോണ്‍ വിളിക്കുമ്പോള്‍ ആദി എടുക്കുന്നില്ല. ഫോണ്‍ എടുക്കാന്‍ റോഷന്‍ പറയുന്നുണ്ടെങ്കിലും, തന്നെ ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന റാണിയുടെ ഫോണ്‍ എടുക്കാന്‍ ആദി തയ്യാറാകുന്നില്ല. വീട്ടില്‍ എല്ലാവരും ഇപ്പോള്‍ റാണിയെയാണ് സംശയിക്കുന്നത്. റാണിയുടെ ചെറിയമ്മ മാലിനി റാണിയോട് സംസാരിക്കുകയും, നിന്റെ അമ്മ ചെയ്‍ത അബദ്ധംകാരണം എല്ലാവരും നിന്നെയാണ് സംശിക്കുന്നതെന്നും പറയുന്നുണ്ട്. അതുകാരണം കസ്‍തൂരി രക്ഷപ്പെടുകയാണെന്നും മാലിനി പറയുന്നുണ്ട്. എന്നാല്‍ മാലിനിയുടെ ഭര്‍ത്താവ് രവി മാലിനിയോട് പറയുന്നത്, വെറുതെ കസ്‍തൂരിയെ തെറ്റുകാരിയാക്കാതെ ഇരുത്തിചിന്തിക്കാനാണ്. അതായത് റാണിയാണ് കുറ്റക്കാരിയെന്നാണ് രവിയും ചിന്തിക്കുന്നത്.

അതേസമയം റാണി ശാരിയെ വിളിച്ച് ചീത്ത പറയുകയാണ്. നിങ്ങളെല്ലാംകൂടെ തന്റെ ഭാവി നശിപ്പിച്ചന്നാണ് റാണി പറയുന്നത്. രാധാമണിയോട് സംസാരിക്കാന്‍പോലും റാണി തയ്യാറാകുന്നില്ല. നിങ്ങള്‍ സഹായം എന്നുകരുതി ചെയ്‍തത് കൗസ്‍തൂഭത്തിലെ തന്റെ ജീവിതം നരകമാക്കിയെന്നാണ് റാണി പറയുന്നത്. ഇനി ആരും തന്റെ കാര്യത്തില്‍ ഇടപെടേണ്ട എന്നുപറഞ്ഞാണ് റാണി ഫോണ്‍ വയ്ക്കുന്നത്. തന്റെ ജീവിതം താന്‍തന്നെ നോക്കിക്കോളാം എന്നാണ് റാണി പറയുന്നത്.

ആദി ഇതുവരെ വീട്ടിലേക്ക് ചെന്നിട്ടില്ല. റോഷനോട് തന്റെ പരിഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ആദി. റാണി ശരിക്കും വഞ്ചക തന്നെയാണെന്നതില്‍ തനിക്ക് സംശയമില്ലെന്നും, ഇനിയും അവളെ നോക്കാന്‍ കഴിയില്ലെന്ന രീതിയിലുമാണ് ആദി സംസാരിക്കുന്നത്. എന്നാല്‍ റാണിയെ ആദി വെറുതെ സംശയിക്കുകയാണെന്നും മറ്റുമാണ് റോഷന്‍ പറയുന്നത്. ആദി ഫോണ്‍ എടുക്കാത്തതുകാരണം റാണി റോഷനെ വിളിച്ച് ചീത്ത പറയുന്നുണ്ട്. താന്‍ ശരിക്കുള്ള സുഹൃത്തല്ലെന്നും, വെറുതെയല്ല നിന്റെ ഭാര്യ നിന്നെ വിട്ടുപോയതെന്നും മറ്റുമാണ് റാണി പറയുന്നത്. ഏതായാലും വീട്ടിലേക്കുപോകാം എന്ന് ആദി കരുതുകയാണ്.

താനല്ല തെറ്റുചെയ്‍തതെന്നും, അമ്മ ചെയ്‍തത് കാരണം താനിപ്പോള്‍ എല്ലവരുടേയും മുന്നില്‍ കുറ്റക്കാരിയായെന്നും റാണി എല്ലാവരോടും പറയുന്നുണ്ട്. റാണി തെറ്റുചെയ്യില്ലെന്ന് ക്യാപ്റ്റനും മറ്റും കരുതുന്നെങ്കിലും, മറ്റാര് എന്നതാണ് അവരെയും കുഴക്കുന്നത്. ക്യാപ്റ്റനും റാണിയും ആദിയുടെ അച്ഛനും സാസാരിച്ച് നില്‍ക്കുമ്പോഴാണ് ആദി വീട്ടിലേക്ക് വരുന്നത്. റാണിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ ആദി വീട്ടിനകത്തേക് പോകുന്നു. ഇതെല്ലാം കണ്ട് റാണി ആകെ തകരുകയാണ്. വീട്ടിലെ ആരും തന്നെ വിശ്വസിക്കുന്നില്ലായെന്നും, എല്ലാവരും അവഗണിക്കുകയാണല്ലോ എന്നും റാണി കരുതുന്നു.എന്നാല്‍ ഇതെല്ലാം കണ്ടുനില്‍ക്കുന്ന കസ്‍തൂരി തന്റെ റാണിചേച്ചിക്ക് എല്ലാം താങ്ങാനുള്ള കഴിവ് നല്‍കണെയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ കസ്‍തൂരിയാണ് എല്ലാം ചെയ്തതെന്നുറപ്പിച്ച് റാണി കോളേജിലേക്ക് പോകുകയാണ്.

എങ്ങനെയാകും സ്വാതി പിടിക്കപ്പെടുക എന്നത് ആകാംക്ഷയായിതന്നെ നിലനില്‍ക്കുകയാണ്. കസ്‍തൂരി പ്രതിസ്ഥാനത്തുനിന്ന് മാറുമ്പോള്‍ റാണി കൗസ്‍തൂഭത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു. വരും ഭാഗങ്ങള്‍ തീര്‍ത്തും കഥാഗതിയെ പിടിച്ചുലയ്ക്കുന്നതാകും എന്നതില്‍ സംശയമില്ല. കാത്തിരുന്നു കാണാം.