പ്രേക്ഷകരുടെ ഇഷ്‍ട പരമ്പര നീലക്കുയില്‍ അതിന്റെ തീവ്രസ്വഭാവത്തിലെത്തിയിരിക്കുകയാണ്.  റാണിയുടേയും ആദിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തിന് അവസാനമാകുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാ കുറ്റങ്ങളും റാണിയിലേക്കാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നതാണ് കാഴ്‍ചക്കാരനെ അമ്പരപ്പിക്കുന്നത്. എല്ലാ കുറ്റങ്ങളെല്ലാം കറങ്ങിത്തിരിഞ്ഞ് റാണിയുടെ ചുമലിലാണ് എത്തുന്നത്. കുറ്റക്കാരിയായ സ്വാതി എല്ലാവരുടേയും മുന്നില്‍ നല്ലകുട്ടിയായും നടക്കുന്നു. ആദി റാണി ദാമ്പത്യത്തിലെ സംഘട്ടനങ്ങളും, പരസ്പരമുള്ള പഴിചാരലുകളും, സത്യമറിയാതെയുള്ള ഒച്ചപ്പാടുകളും പരമ്പരയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നു. കൂടാതെ പുതിയ എപ്പിസോഡില്‍ ആദി റാണിയെ വട്ടം കെട്ടിപ്പിടിച്ചിരിക്കുന്നതുകണ്ട് റാണി ആകെ നിയന്ത്രണം വിടുകയുമാണ് ചെയ്യുന്നത്.

എങ്ങനെയെങ്കിലും തന്നെ ചതിക്കുന്ന റാണിയെ ഉപേക്ഷിക്കണമെന്നാണ് ആദി കരുതുന്നത്. എന്നാല്‍ റാണിയല്ല തെറ്റുകാരിയെന്നതിന് യാതൊരു തെളിവും കിട്ടുന്നുമില്ല. അങ്ങനെ എല്ലാവരുടേയും മുന്നില്‍ റാണി തെറ്റുകാരിയായിത്തന്നെ തുടരുകയാണ്.  ആരുംതന്നെ റാണിയെ വിശ്വസിക്കുന്നില്ല. അവിശ്വാസത്തിന് വളം വച്ചുകൊടുക്കുന്ന രീതിയിലാണ് മാസിയുടെ ജാമ്യത്തിനായുള്ള റാണിയുടെ ഫോണ്‍ കോളുകള്‍. ഫോണ്‍വിളിയെപ്പറ്റി റാണിയുടെ അമ്മയും അച്ഛനും ചോദിക്കുന്നുണ്ടെങ്കിലും റാണി ഒന്നും വിട്ടുപറയാത്തതും സംശയം ഇരട്ടിപ്പിക്കുന്നുണ്ട്.

പ്രശ്‌നങ്ങളെല്ലാം മാറി റാണിയും ആദിയും ഒന്നിക്കുന്നതുകാണാനാണ് കസ്‍തൂരി ആഗ്രഹിക്കുന്നത്. എന്നാല്‍ ആദിയുടെ മനസ്സില്‍നിന്നും റാണി വളരെ അകലെയാണ് എന്നത് കസ്‍തൂരിയെ വിഷാദത്തിലാക്കുന്നുണ്ട്. ആദി പഴയ ആദിയല്ല, ഒട്ടേറെ മാറിപ്പോയെന്ന് ആദിയോട് കസ്തൂരി പലതവണ പറയുന്നുമുണ്ട്. തന്റെ വീട്ടില്‍ പോയിവന്ന് റാണി, ഇനിമുതല്‍ക്ക് നല്ല ഭാര്യയായി ജീവിക്കണമെന്ന് വിചാരിക്കുന്നുണ്ടെങ്കിലും, വന്ന ഉടനെതന്ന സ്വാതിയുടെ അമ്മ ചന്ദ്ര ഉടക്കുകയാണ്. സ്വാതിക്ക് അനാവശ്യമായ ഒരു കൂട്ടുകെട്ടുണ്ട് എന്ന് റാണി ചന്ദ്രയോട് പറഞ്ഞതാണ് പ്രശ്‌നമായത്. അതിനുശേഷം റാണി കാണുന്നത് കസ്‍തൂരിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ആദിയേയുമാണ്.

ഏതുവിധേയവും റാണിയെ തന്റെ ജീവിതത്തില്‍നിന്നും മാറ്റണം എന്നുള്ള വിചാരത്തോടെയാണ്, റാണി കാണാനായി ആദി കസ്‍തൂരിയെ പുണരുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലാകാതെ കസ്‍തൂരി ആകെ കുഴയുകയാണ്. സ്വാതി തന്റെ സ്വര്‍ണ്ണം സുഹൃത്തിന് പണയംവയ്ക്കാന്‍ കൊടുത്തത് ആകെ പ്രശ്‌നത്തിലേക്കാണ് നീങ്ങുന്നത്. ആ പ്രശ്‌നംകാരണം സ്വാതി വെട്ടിലാകുന്ന തരത്തിലാണ് കഥാഗതി മുന്നോട്ടുപോകുന്നത്.

ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ച സ്വാതിക്ക് നല്ല പണി കിട്ടണം എന്നുതന്നെയാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ എന്താണ് പരമ്പര ഒളിപ്പിച്ചിരിക്കുന്ന കഥാഗതി എന്നറിയാന്‍ കാത്തിരിക്കുക തന്നെയെ നിവൃത്തിയുള്ളു.