വലിയ താരനിരയുടെ സാന്നിധ്യമില്ലാതെതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് നീലക്കുയില്‍. റാണിയ്ക്ക് പിറക്കാനിരുന്ന കുട്ടിയെ ഇല്ലാതാക്കിയതിന് പിന്നിലെ മറനീക്കാത്ത രഹസ്യങ്ങളിലൂടെയുമാണ് നീലക്കുയില്‍ പ്രേക്ഷകരെ ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കഥയും സന്ദര്‍ഭങ്ങളും രഹസ്യാത്മകമായാണ് നീലക്കുയിലില്‍ പ്രതിപാദിക്കുന്നത്.

റാണിയ്ക്ക് പിറക്കാനിരുന്ന കുഞ്ഞിനെ രഹസ്യമായി ഇല്ലാതാക്കിയ, ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ പ്രതിനായികാ കഥാപാത്രമായ സ്വാതി പിടിക്കപ്പെടുമോ, അതോ ഇതിലും നായികയായ കസ്തൂരി ഇരയാക്കപ്പെടുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. നായകനായ ആദിത്യന്‍ കാട്ടില്‍ അകപ്പെടുന്നിടത്താണ് കഥാസഞ്ചാരം തുടങ്ങിയത്. വഴിതെറ്റി എത്തിയ ആദിത്യന് വഴികാട്ടിയായി എത്തിയ വനമകള്‍ കസ്തൂരിയുമൊത്ത് ഒരുദിവസം കാട്ടില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നു. ഇത് ഊരുനിയമപ്രകാരം തെറ്റാണെന്ന് വിധിക്കുകയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നതാണ് കഥയുടെ പ്ലോട്ട്.

എന്നാല്‍ വിവാഹ വിവരം വീട്ടില്‍ പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. തുടര്‍ന്ന് കസ്തൂരി വീട്ടുവേലക്കാരിയായി വീട്ടില്‍ തുടരുകയാണ്. വീട്ടിലെ പല കഥാത്രങ്ങള്‍ക്കും സത്യമറിയാമെങ്കിലും അതിന്റെ രഹസ്യ സ്വഭാവം തുടരുകയാണ്. കാര്യങ്ങള്‍ വഴിക്ക് നീങ്ങുന്നതിനിടയില്‍ ആദിത്യന് വിവാഹിതനാകേണ്ടി വരുന്നിടത്താണ് കഥയുടെ യഥാര്‍ത്ഥ ട്വിസ്റ്റ്. ആദിത്യന്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി റാണിയെ വിവാഹംചെയ്യേണ്ടിവരുന്നു. എന്നാല്‍ റാണിക്ക് പിറക്കേണ്ട കുഞ്ഞും ഗര്‍ഭത്തിലേ കൊലചെയ്യപ്പെടുന്നു. കുഞ്ഞിനായി കാത്തിരുന്ന റാണിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തവര്‍ പിടിക്കപ്പെടുമോ അതോ നിരപരാധികളില്‍ കുറ്റം ചുമത്തപ്പെടുമോ എന്നതാണ് ഇനി വരാനുള്ള എപ്പിസോഡുകള്‍.

വനമകളായ കസ്തൂരിയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദിത്യന് നിലവിലെ ഭാര്യ റാണിയെ ഉപേക്ഷിക്കാനും കഴിയാത്ത തരത്തിലാണ് കഥാപാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. എന്താകും പരമ്പര ഒളിച്ചുവച്ചിരിക്കുന്ന ട്വിസ്റ്റുകള്‍ എന്ന് കാത്തിരുന്ന് തന്നെ കാണാം. പ്രദീപ്കുമാര്‍ കാവുംതറ തിരക്കഥ എഴുതുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മഞ്ജു ധര്‍മ്മനാണ്. വനമകള്‍ കസ്തൂരിയായി സ്‌നിഷ ചന്ദ്രനും റാണിയായി ലത സംഘരാജുവും ആദിത്യനായി നിഥിന്‍ ജേക്കും വല്ല്യച്ഛനായി പ്രശസ്ത സീരിയല്‍ താരം എംആര്‍ ഗോപകുമാറും വേഷമിടുന്നു.