ദുൽഖർ സൽമാനെക്കുറിച്ച്  നെറ്റ്ഫ്ലിക്സ് ഇന്ത്യ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇന്നലെയാണ് നെറ്റ് ഫ്ലിക്സ് മാൻ ക്രഷ് മൺഡെ #MCM എന്ന ഹാഷ് ടാഗിൽ ‘ദുൽഖർ പുലിയാടാ’ എന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ കാര്യമെന്തെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് ആരാധകർ. 

ദുൽ‌‍‍ഖറിന്റെ ഏതെങ്കിലും ചിത്രം നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യുന്നുണ്ടോ എന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. ’കുറുപ്പ്’ ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് മുൻപും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ദുൽഖർ ചിത്രമായ ‘ചാർലി’യുടെ തമിഴ് പതിപ്പ് ‘മാരാ’ എന്ന സിനിമയും ഓടിടി റിലീസിന് ഒരുങ്ങുന്നുണ്ട്. ‘മാരാ’യിൽ മാധവനും ശ്രദ്ധ ശ്രീനാഥുമാണ് താരങ്ങളായി എത്തുന്നത്. ഇനി ഇതുമായി ബന്ധപ്പെട്ടാണോ നെറ്റ്ഫ്ളിക്സിന്റെ ഈ ട്വീറ്റ് എന്നറിയില്ല. എന്തായാലും നെറ്റ്ഫ്ലിക്സിന്റെ സർപ്രൈസ് എന്താണ് എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകർ.

ഡിക്യു പുലിയാണെന്ന് തങ്ങൾക്ക് അറിയാമെന്നും കാര്യം എന്താണെന്ന് പറയണമെന്നുമാണ് മറ്റു ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ”മലയാളം ഒക്കെ അറിയുമോ” എന്ന ഒരു കമന്റിന് ”പിന്നെ, മലയാളം അറിയാം” എന്ന മറുപടിയും നെറ്റ്ഫ്ലിക്സ് നൽകിയിട്ടുണ്ട്. കുറുപ്പ് തിയേറ്ററിൽ റിലീസ് ചെയ്യും മുൻപ് നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യരുത് എന്നാണ് മറ്റൊരാളുടെ അഭ്യർത്ഥന.