ലോക്ക്ഡൗണിനിടെ ആളും ആരവവുമില്ലാതെ, എന്നാല്‍ കളര്‍ഫുള്‍ ആയിതന്നെ തെലുങ്ക് നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ വിവാഹിതനായി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ വ്യത്യസ്തമായിരുന്നു വിവാഹം. പൂക്കള്‍ക്കും സമ്മാനങ്ങള്‍ക്കും പകരം പന്തലില്‍ ഒരുക്കിയിരുന്നത് സാനിറ്റൈസറും മാസ്കുകളുമായിരുന്നു. അതിഥികള്‍ക്കെല്ലാം കൈ ശുദ്ധിയാക്കാന്‍ സാനിറ്റൈസറും ശേഷം മാസ്കും നല്‍കി. തുടര്‍ന്ന് ഓരോരുത്തരെയും സ്ക്രീന്‍ ചെയ്താണ് വിവാഹച്ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്. 

വിവാഹത്തിന്‍റെയും അതിഥികളെ സ്വീകരിക്കുന്നതിന്‍റെയും വീഡിയോകള്‍ നിഖില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. നിങ്ങള്‍ ഓരോരുത്തരും എന്‍റെ വിവാഹത്തില്‍ പങ്കെടുക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. കൊവിഡ് 19 കാരണം നിങ്ങളുടെ അനുഗ്രഹം തേടാന്‍ ഈ വീഡ‍ിയോ മാത്രമാണ് ഓരോഒരു വഴി. എന്‍റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്ളത്...'' - നിഖില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

സുഹൃത്ത് ഡോ പല്ലവി വര്‍മ്മയെയാണ് നിഖില്‍ വിവാഹം ചെയ്തത്. വ്യാഴാഴ്ചയാണ് താന്‍ വിവാഹിതനായെന്ന് അറിയിച്ച് നിഖില്‍ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. കാര്‍ത്തികേയ, വീടുതേടാ, കിരിക്ക് പാര്‍ട്ടി, എന്നിവയാണ് നിഖിലിന്‍റെ ചിത്രങ്ങള്‍. ഹാപ്പി ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് നിഖില്‍ സിനിമയിലെത്തുന്നത്. കാര്‍ത്തികേയ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.