Asianet News MalayalamAsianet News Malayalam

'ഒരു സ്ക്രീന്‍ഷോട്ട് വച്ച് ഇത്ര തള്ളു വേണോ'? മോഹന്‍ലാലിന്‍റെ വാട്‍സ്ആപ് സന്ദേശം പങ്കുവച്ചതിന് പരിഹാസം; മറുപടി

'ഞാൻ ഒരുപാട് ആഗ്രഹിച്ചും കഷ്ടപെട്ടുമാണ് സിനിമയിൽ വന്നത്. മമ്മൂക്കയെയും ലാലേട്ടനെയും ഹൃദയത്തോടു ചേർത്തുപിടിച്ച്, വളർന്നു വന്ന ചെറിയൊരു കലാകാരൻ. എവിടെയെങ്കിലും ഷൂട്ടിംഗ് നടക്കുന്നു എന്നറിഞ്ഞാൽ ആൾക്കൂട്ടത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ എത്തുമായിരുന്നു.'

nirmal palazhi reacts to those who trolls him for sharing mohanlals message
Author
Thiruvananthapuram, First Published May 1, 2020, 2:36 PM IST

മോഹന്‍ലാലിന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന തനിക്ക് അദ്ദേഹം വാട്‍സ്ആപില്‍ നന്ദി അറിയിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ട് നടന്‍ നിര്‍മല്‍ പാലാഴി ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. എന്നാല്‍ ചിലര്‍ ഇതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ കമന്‍റുമായെത്തി. ഒരു സ്ക്രീന്‍ ഷോട്ടിന്‍റെ ബലത്തില്‍ ഇത്ര 'തള്ള്' വേണോയെന്നാണ് ഒരാളുടെ കമന്‍റ്. നിരവധി കമന്‍റുകളുമായെത്തിയ ഒരാള്‍ക്ക് നല്‍കിയ മറുപടികളുടെ സ്ക്രീന്‍ ഷോട്ടിനൊപ്പം മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ തനിക്ക് ആരാണെന്നു പറയുകയാണ് നിര്‍മല്‍ പാലാഴി. എന്തുകൊണ്ടാണ് അവരുടെ ഒരു ചെറിയ മെസേജ് പോലും തനിക്ക് അത്രയും പ്രധാനപ്പെട്ടതാകുന്നതെന്നും വിശദീകരിക്കുന്നു നിര്‍മല്‍ പാലാഴി.

നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഞാൻ ഒരുപാട് ആഗ്രഹിച്ചും കഷ്ടപെട്ടുമാണ് സിനിമയിൽ വന്നത്. മമ്മൂക്കയെയും ലാലേട്ടനെയും ഹൃദയത്തോടു ചേർത്തുപിടിച്ച്, വളർന്നു വന്ന ചെറിയൊരു കലാകാരൻ. എവിടെയെങ്കിലും ഷൂട്ടിംഗ് നടക്കുന്നു എന്നറിഞ്ഞാൽ ആൾക്കൂട്ടത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ എത്തുമായിരുന്നു. ചവിട്ടു കൊണ്ടും പോലീസിന്‍റെ ലാത്തി കാണുമ്പോൾ ഓടിയൊളിച്ചും അതിനിടയിൽ മിന്നായം പോലെ ഇഷ്‍ട താരങ്ങളെ കണ്ടാൽ അതൊരു മഹാഭാഗ്യം. അങ്ങനെ തുടങ്ങിയതാണ് സിനിമ ലക്ഷ്യം വച്ചുള്ള ഓട്ടം. സ്കൂൾ കാലം കഴിഞ്ഞപ്പോൾ തുടങ്ങിയ ഓട്ടത്തിന് ഇപ്പൊ 20 വയസ്സ് കഴിഞ്ഞു. ഇത്രയും വർഷത്തെ കഠിനമായ കഷ്ട്ടപ്പാടും കലയെയും കലാകാരൻമാരെയും സ്നേഹിക്കുന്നവരുടെ പ്രോത്സാഹനവും എല്ലാത്തിലുമുപരി ദൈവാനുഗ്രഹത്താലും കല കൊണ്ടു ജീവിക്കുന്നു. ഇനി ഇത് ഇല്ലാതെയാവുന്ന കാലം വന്നാൽ ഞാൻ മുന്നേ എടുത്തുകൊണ്ടിരുന്ന ( ആശാരിപ്പണി, കൽപ്പണി, പെയിന്‍റിംഗ് ഹെൽപ്പർ) പണികളിലേക്ക് തിരിച്ചു പോവാം. കാരണം അന്ന് ആ മേഖലയിൽ ജോലി ചെയ്യുമ്പോൾ ഉള്ള സൌഹൃദങ്ങള്‍ പഴയപോലെ ഇപ്പോഴും നില നിർത്തുന്നുണ്ട് ഞാൻ. 

പറഞ്ഞുവരുന്നത് എന്താണെന്നാല്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് വന്ന ഒരു സാധാരണക്കാരന് മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ പരിചയപ്പെടുന്നതും കൂടെ സിനിമ ചെയ്യാൻ പറ്റുന്നതും അവരുടെ ഒരു മെസേജ് കിട്ടുന്നതുമൊക്കെ ജീവിതത്തിലെ വലിയ കാര്യം തന്നെയാണ്. ആ സന്തോഷം ഞാൻ എന്‍റെ പ്രിയ സുഹൃത്തുക്കളുമായി പങ്കുവെക്കാറുമുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂക്ക വിളിച്ച്, സുഖവിവരം അന്വേഷിച്ചതും ലാലേട്ടൻ മെസേജിന് റീപ്ലൈ ചെയ്തതും ജീവിതത്തിലെ വല്യ സന്തോഷം ആയതുകൊണ്ട് പങ്കുവച്ചു. ഈ മുകളിലെ സുഹൃത്തുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഒരു കാര്യവുമില്ലാതെ ചൊറിയാൻ ആരേലും വന്നാൽ എന്നോട് പ്രിയ സുഹൃത്തുക്കൾ പറയുന്നതുകേട്ട് ഒരു റിപ്ലെയും കൊടുക്കാതെ ഇരിക്കാറുണ്ട് പക്ഷെ ഈ വിഷയത്തിൽ ലാലേട്ടൻ ആയതുകൊണ്ട് പ്രതികരിക്കാതെ ഇരിക്കാൻ പറ്റിയില്ല. ഇവിടെ എത്താൻ പെട്ട കഷ്ടപാടൊക്കെ ഓർത്തു പോയി. അദ്ദേഹത്തിന്‍റെ കൂടെ പിടിക്കാൻ ആ ലെവൽ ഒന്നു പോവേണ്ടി വന്നു. ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് ആള് തുടങ്ങിയതും അതിനുള്ള മറുപടിയും ഇവിടെ പോസ്റ്റ് ചെയ്യുന്നു (ഇതൊക്കെ വിട്ടു കളഞ്ഞാല്‍ പോരേ എന്നു ചോദിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. അവരുടെ വാക്കുകൾക്കു വില കല്‍പ്പിക്കുന്നില്ല എന്നു തോന്നരുതേ)

Follow Us:
Download App:
  • android
  • ios