റബേക്ക സന്തോഷ് ആണ് കളിവീടിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

മിനിസ്‌ക്രീനില്‍ മലയാളിക്ക് സുപരിചിതനായ നടനാണ് നിഥിന്‍ ജെയ്ക് ജോസഫ്. 'നീലക്കുയില്‍' പരമ്പരയിലെ ആദിയായാണ് നിഥിന്‍ മലയാളികള്‍ക്ക് പരിചിതനായി മാറുന്നത്. നീലക്കുയിലിനു ശേഷം ജീവിതനൗക, കളിവീട് തുടങ്ങിയ പരമ്പരകളിലാണ് നിഥിന്‍ അഭിനയിച്ചിരുന്നത്. സൂര്യ ടിവി യിലെ 'കളിവീട്' പരമ്പരയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണുള്ളത്. മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരമായ റബേക്ക സന്തോഷാണ് കളിവീടില്‍ പ്രധാന കഥാപാത്രമായ പൂജയെ അവതരിപ്പിക്കുന്നത്. നിഥിന്റെ കഥാപാത്രത്തിന്‍റെ പേര് അര്‍ജുന്‍ എന്നാണ്.

മനോഹരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന പരമ്പരയില്‍, ശക്തമായ കഥാപാത്രങ്ങളാണ് നിഥിനും റബേക്കയും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി അര്‍ജുന്‍ എന്ന കഥാപാത്രം വേണ്ടത്ര തന്റേടം കാണിക്കുന്നില്ല എന്നതാണ് പ്രേക്ഷകരുടെ പരാതി. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി എഴുതുന്ന തിരക്കഥയില്‍ എങ്ങനെയാണ് പുരുഷ കഥാപാത്രത്തിന് പ്രധാന്യം ഉണ്ടാവുക, അര്‍ജുന്റെ നട്ടെല്ല് ഊരിയെടുത്ത തിരകഥാകൃത്ത് ആ നട്ടെല്ല് തിരികെ കൊടുക്കണം എന്നെല്ലാമായിരുന്നു യൂട്യൂബില്‍ പോസ്റ്റ് ചെയ്ത പരമ്പരയുടെ പ്രൊമോ വീഡിയോകള്‍ക്ക് ആരാധകരുടെ കമന്റുകള്‍.

ALSO READ : വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി! 'റോഷാക്ക്' ട്രെയ്‍ലറിലെ സൂചന 'വൈറ്റ് റൂം ടോര്‍ച്ചറി'ന്‍റേത്?

കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അതിന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിഥിന്‍ മറുപടി പറഞ്ഞത്. ''അര്‍ജുന്റെ നട്ടെല്ല് ഇപ്പോള്‍ മനപ്പൂര്‍വ്വം ഒന്ന് വളച്ചതാണ്, എന്നാല്‍ മാത്രമേ കഥ മുന്നോട്ട് പോവുകയുള്ളു.. അധികം വൈകാതെതന്നെ എല്ലാം ശരിയാകും'' എന്നാണ് നിഥിന്‍ പറയുന്നത്. പേഴ്‌സണലായിട്ട് പോലും പലരും നട്ടെല്ല് വളച്ചെന്നെല്ലാം മെസേജ് അയക്കുന്നുണ്ടെന്നും താരം പറഞ്ഞു. പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കിയും മറ്റും പ്രേക്ഷകരോടൊപ്പമുള്ള താരമാണ് നിഥിന്‍. അഭിനയത്തോടുള്ള മോഹം കാരണം എന്‍ജിനിയറിംഗ് ജോലി ഒഴിവാക്കിയാണ് നിഥിന് അഭിനയത്തിലേക്കെത്തുന്നത്. നെഗറ്റീവ് കമന്റുകളോടുപോലും വളരെ മിതത്വത്തോടെയാണ് നിഥിന്‍ പ്രതികരിക്കാറുള്ളത്.