ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചന കേസിൽ ധനുഷും ഐശ്വര്യ രജനികാന്തും ഹാജരായി. നവംബർ 27ന് കോടതി വിധി പ്രഖ്യാപിക്കും.

ചെന്നൈ: ചെന്നൈയിലെ കുടുംബ കോടതിയില്‍ വിവാഹ മോചനകേസില്‍ ഹാജറായി ഐശ്വര്യ രജനികാന്തും ധനുഷും. 2022-ൽ വേർപിരിയുമെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച ശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാൽ അവർ അനുരഞ്ജനത്തിലേർപ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 

എന്നാല്‍ അവസാന ഹീയറിംഗ് ദിനത്തില്‍ കോടതിയിൽ ഹാജറായി മുന്‍ താരദമ്പതികള്‍ വേര്‍പിരിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ഈ കേസിലെ വിധി കോടതി വരുന്ന നവംബര്‍ 27ന് പ്രഖ്യാപിക്കും. മാസ്ക് ധരിച്ചാണ് ഐശ്വര്യയും ധനുഷും കോടതിയില്‍ എത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് ജീവിതത്തിന് ശേഷം സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചെങ്കിലും. തുടര്‍ന്ന് ഇരു കുടുംബത്തിനിടയിലും പല ചര്‍ച്ചകളും നടന്നതിനാല്‍ വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്യുന്നത് വൈകിയെന്നാണ് വാര്‍ത്ത വന്നത്. 

എന്നാല്‍ ഒക്ടോബര്‍ 9നും തുടര്‍ന്ന് വന്ന ഹീയറിംഗുകളിലും ഇരുവരും എത്താതിരുന്നതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു. രജനികാന്ത് നടത്തിയ അനുരജ്ഞനം വിജയിച്ചു എന്നുവരെ അഭ്യൂഹം പരന്നു. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താക്കിയാണ് അവസാന തീയതിയില്‍ കോടതിയില്‍ ധനുഷും, ഐശ്വര്യയും എത്തിയത്. തങ്ങളുടെ വക്കീലന്മാരുടെ കൂടെയാണ് ഇരുവരും എത്തിയത്. 20 മിനുട്ടോളമാണ് ഇരുവരുടെയും കേസ് പരിഗണിച്ചത് എന്നാണ് വിവരം. 

'ഈ അമ്പലത്തിൽ പോകണമെന്ന് കുറച്ച് ദിവസമായിട്ട് തോന്നുന്നുണ്ട്', പുതിയ വീഡിയോയുമായി ആര്യ

'നയന്‍താര ആ പറഞ്ഞത് ശരിയായ കാര്യമല്ല': പ്രതികരിച്ച് ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ