മുംബൈ: സൗന്ദര്യം വര്‍ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നവര്‍ നിരവധിയാണ്. സിനിമാ മേഖലയിലാകട്ടെ ഇത് വളരെ സാധാരണവുമാണ്.  എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിലൂടെ രൂക്ഷവിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ബോളിവുഡ് നടിയാണ് കൊയ്ന മിത്ര. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂക്കിന് നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ തന്‍റെ നേര്‍ക്ക് വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നടി. 

മനുഷ്യര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെന്നും താന്‍ മനുഷ്യനാണെന്നും കൊയ്ന പറഞ്ഞു. നിരവധി നടന്‍മാര്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരായിട്ടുണ്ടെന്നും എന്നാല്‍  കോസ്മെറ്റിക് ശസ്ത്രക്രിയകളുടെ പേരില്‍  സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുകയാണെന്നും നടി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. 

'സിനിമാ ലോകത്തെ മോശം കഥകളിലൊന്നായാണ് പലരും എന്‍റെ സര്‍ജറിയെക്കുറിച്ച് പറയുന്നത്. എനിക്ക് മുമ്പും ഒരുപാട് ആളുകള്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരായിട്ടുണ്ട്. പലരും ഇപ്പോഴും ചെയ്യുന്നുമുണ്ട്. എന്നാല്‍ ആരും പരസ്യമായി സമ്മതിക്കില്ല. അതൊരു കുറ്റമോ പാപമോ ഒന്നുമല്ല. 50 ഉം 60 ഉം വയസ്സായ പുരുഷന്‍മാര്‍ക്ക് ശസ്ത്രക്രിയയിലൂടെ മുടി മാറ്റിവെക്കുകയും ചുളിവുകള്‍ മറയ്ക്കുകയും ചെയ്യാം. കോസ്മെറ്റിക് ശസ്ത്രക്രിയകളുടെ പേരില്‍ സ്ത്രീകളെ മാത്രം കുറ്റം പറയുന്നതെന്തിനാണ്'- കൊയ്ന ചോദിച്ചു. 

സല്‍മാന്‍ ഖാന്‍റെ പ്രശസ്ത ടെലിവിഷന്‍ പരിപാടി ബിഗ് ബോസ് സീസണ്‍ 13  ല്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് നടി. ബിഗ് ബോസ് ഹൗസില്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്നുപറയാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും നടി വ്യക്തമാക്കി. എന്നാല്‍ അത് വ്യക്തി അധിക്ഷേപമാണെങ്കില്‍ അത് ശ്രദ്ധിക്കില്ലന്നും ശരീരവും ജീവിതവും തന്‍റേതാണെന്നുൂം അതിനെ ചോദ്യം ചെയ്യാന്‍ മറ്റാര്‍ക്കും അനുവാദമില്ലെന്നും കൊയ് മിത്ര കൂട്ടിച്ചേര്‍ത്തു.