'മീ ടൂ' ആരോപണം നേരിട്ട സംവിധായകന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് ബോളിവുഡ് താരം ദീപിക പദുകോണിനോട് ആരാധകര്‍. പ്യാര്‍ കാ പഞ്ച്‌നാമ, ആകാശ് വാണി, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ലവ് രഞ്ജന്റെ അടുത്ത ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയേക്കുക ദീപികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ദീപിക ഫാന്‍സിന്റെ ക്യാംപെയ്ന്‍ ട്വിറ്ററില്‍ ആരംഭിച്ചത്. 'നോട്ട് മൈ ദീപിക' എന്ന പേരിലായിരുന്നു ഹാഷ് ടാഗ്. 

ലവ് രഞ്ജന്റെ മുംബൈയിലെ വസതിയില്‍ നിന്ന് ഇന്നലെ വൈകിട്ട് രണ്‍ബീറിനൊപ്പം ദീപിക പുറത്തുവരുന്നതിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത അടുത്ത ചിത്രത്തില്‍ ദീപികയാവാം നായികയെന്ന് അഭ്യൂഹം പരക്കുന്നത്. ശേഷമാണ് ആരാധകര്‍ ക്യാംപെയ്ന്‍ ആരംഭിച്ചത്. രണ്‍ബീര്‍ കപൂറും അജയ് ദേവ്ഗണുമാണ് ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിലെ നായകന്മാര്‍. കഴിഞ്ഞ വര്‍ഷമാണ് ഈ പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ നായികയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിലാണ് ലവ് രഞ്ജനെതിരേ പേര് വെളിപ്പെടുത്താത്ത ഒരു നടി മീ ടൂ ആരോപണം ഉന്നയിച്ചത്. 'പ്യാര്‍ കെ പഞ്ച്‌നാമ' എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കവെ തനിക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച ലവ് രഞ്ജന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പ്രസ്താവനയിറക്കിയിരുന്നു. 

അതേസമയം ദീപികയും രണ്‍ബീറും മുന്‍പും ഒരുമിച്ച് സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. ബച്ച്‌ന ഏ ഹസീനോ, യേ ജവാനി ഹേ ദീവാനി, തമാശ തുടങ്ങിയ ചിത്രങ്ങളില്‍ ഈ ജോഡി എത്തിയിട്ടുണ്ട്.