ഒമര്‍ ലുലുവിന്റെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാതെ പോകാറില്ല. സിനിമകളുടെ അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സോഷ്യല്‍ മീഡിയയെ പ്രൊമോഷനുവേണ്ടി കൃത്യമായി ഉപയോഗിക്കുന്ന സംവിധായകനുമാണ് അദ്ദേഹം. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന 'ധമാക്ക'യുടെ കാര്യവും അങ്ങനെതന്നെ. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധര്‍മ്മജന്‍ ബോല്‍ഗാട്ടിയുടെ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നായികയായി എത്തുന്ന നിക്കി ഗല്‍റാണിക്ക് ആദ്യ ഷൂട്ടിംഗ് ദിനത്തില്‍ നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.

47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യ ഷോട്ടില്‍ പെര്‍ഫോം ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് നിക്കി ഗല്‍റാണി. ഫ്രെയ്മിലേക്ക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ കടന്നുവരുന്നു. പക്ഷേ പറഞ്ഞതില്‍നിന്ന് വിഭിന്നമായി പശ്ചാത്തലത്തില്‍ ഒരു ഗാനം പ്ലേ ചെയ്യുന്നതും നിക്കി അത്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം. അണിയറപ്രവര്‍ത്തകര്‍ ചിരിക്കുന്നതിനിടെ തന്റെ പുതിയ ചിത്രത്തിലേക്ക് നിക്കിയെ ഒരു പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്യുന്നു ഒമര്‍ ലുലു. 'ഒരു അഡാറ് ലവി'ന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധമാക്ക'.