പഹല്‍ഗാം ഭീകരവാദി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്‍റെ പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകന്‍ വിവാദത്തില്‍.

കൊച്ചി: പഹല്‍ഗാം ഭീകരവാദി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ നടത്തിയ ഓപ്പറേഷനാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍'. മെയ് 7ന് നടത്തിയ ഈ ഓപ്പറേഷന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ യുദ്ധസമാനമായ സാഹചര്യമാണ്. ഈ അവസ്ഥയില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ഒരു ചലച്ചിത്രം പ്രഖ്യാപിച്ച് വിവാദത്തിലായിരിക്കുകയാണ് ഒരു സംവിധായകന്‍. 

ഉത്തം മഹേശ്വരിയാണ് ഈ പേരില്‍ പടം പ്രഖ്യാപിച്ച് വിവാദത്തിലായത്. പടത്തിന്‍റെ പോസ്റ്റര്‍ ഇറക്കിയതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഇയാള്‍ ഏറ്റുവാങ്ങിയത് ഒടുവില്‍ പോസ്റ്റര്‍ പിന്‍വലിച്ച് നിര്‍വാജ്യം ഖേദം പ്രകടപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. 

സായുധ സേനയുടെ ധീരമായ പ്രവര്‍ത്തിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രം പ്രഖ്യാപിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്. പണമോ പ്രശസ്തിയോ ആയിരുന്നില്ല ഇതിലൂടെ ആഗ്രഹിച്ചത്. എന്നാല്‍ പ്രഖ്യാപിച്ചത് മുതല്‍ ചിലര്‍ക്ക് അത് പ്രയാസം ഉണ്ടാക്കിയതിനാല്‍ അഗാദമായ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ഉത്തം മഹേശ്വരി അറിയിച്ചത്. 

നിക്കി വിക്കി ഭഗ്നാനി ഫിലിംസ് കണ്ടന്‍റ് എഞ്ചിനീയര്‍ എന്നിവര്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' പോസ്റ്റര്‍ പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രത്തിന്‍റെ അണിയറക്കാരുടെയോ അഭിനേതാക്കളുടെയോ വിവരം പുറത്തുവിട്ടിരുന്നില്ല. പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെയാണ് കടുന്ന എതിര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സംവിധായകന്‍റെ വിശദീകരണം. 

അതേ സമയം രണ്ട് ദിവസം മുന്‍പ് പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങളുടെ രഹസ്യനാമമായ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പദത്തിനായുള്ള ട്രേഡ്‌മാർക്ക് അപേക്ഷ റിലയൻസ് ഇൻഡസ്ട്രീസ് പിൻവലിച്ചിരുന്നു. ഒരു ജൂനിയർ ജീവനക്കാരൻ അനുമതിയില്ലാതെ അബദ്ധവശാൽ അപേക്ഷ സമർപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ പിൻവലിച്ചത്.

ഓഡിയോ, വീഡിയോ ഉള്ളടക്കം പോലുള്ള വിനോദ സംബന്ധിയായ സേവനങ്ങൾക്ക് പേറ്റന്റ്സ്, ഡിസൈനുകൾ, ട്രേഡ് മാർക്ക്സ് എന്നിവയുടെ കൺട്രോളർ ജനറലിന്റെ ഓഫീസിൽ ബുധനാഴ്ച റിലയൻസിന്റെ ഒരു അപേക്ഷ ഉൾപ്പെടെ നാല് അപേക്ഷകൾ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിനായി സമർപ്പിക്കപ്പെട്ടു എന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഒടിടി പ്ലാറ്റ്‌ഫോമുകൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിന് വേണ്ടി അപേക്ഷ നല്‍കിയെന്നാണ് വിവരം. ഈ പേരില്‍ സിനിമയോ വെബ് സീരീസോ ഡോക്യുമെന്‍ററിയോ ഭാവിയില്‍ ഇറക്കാന്‍ വേണ്ടിയാണ് ഈ നീക്കം എന്നാണ് ഈ വാര്‍ത്ത നല്‍കുന്ന സൂചന. നേരത്തെ തന്നെ ബോളിവുഡ് ഈ പേരിന് വേണ്ടി ശ്രമിക്കും എന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.