വീണ്ടും ഇന്ത്യക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി പാക് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വനിതാ പൈലറ്റ് പിടിയിലായെന്ന് പുതിയ പ്രചാരണം
ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കേ വ്യാജ പ്രചാരണങ്ങള്‍ കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിംഗിനെ പാകിസ്ഥാന്‍ സൈന്യം പിടികൂടിയെന്നാണ് ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പാക് അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പുതിയ അവകാശവാദം. യുദ്ധ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്ഥാന്‍ പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോയും പാക് എക്‌സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പാക് അവകാശവാദമെല്ലാം ഇന്ത്യ നിഷേധിച്ചു.
പ്രചാരണം
ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ പൈലറ്റായ ശിവാനി സിംഗിനെ പാകിസ്ഥാന്‍ പിടികൂടിയെന്നാണ് ഒരു വീഡിയോ സഹിതം പാക് അനുകൂല എക്സ് ഹാന്‍ഡിലുകളുടെ അവകാശവാദം. ഈ വാദത്തോടെയുള്ള ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു.

വസ്‌തുത
എന്നാല്‍ ഇന്ത്യന്‍ വൈമാനികയെ പിടികൂടിയെന്ന പാക് അവകാശവാദം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം തള്ളിക്കളഞ്ഞു. പിഐബിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ നിന്നുള്ള പോസ്റ്റ് ചുവടെ കാണാം. ട്വീറ്റിന് ഒപ്പമുള്ള വീഡിയോയുടെ ഉറവിടം എവിടെ നിന്നെന്ന് ഇപ്പോള്‍ വ്യക്തമല്ല.


