ബിഗ് ബോസിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നതാണ് പുതിയ കോള്‍ സെന്‍റര്‍ ടാസ്ക്. മത്സരാര്‍ത്ഥികളുടെ മനസിലെ കാര്യങ്ങള്‍ വെളിച്ചം കാണുന്ന തരത്തിലായിരുന്നു ആ ടാസ്ക്.  എന്നാല്‍ പരസ്പരം വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന ഗ്രൂപ്പ് തിരിഞ്ഞ് പാരസ്പര്യത്തിന് പുതിയ മാനം നല്‍കുന്നതിലേക്കാണ് ടാസ്ക് വഴിതെളിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ കാഴ്ചപ്പാടുകളും കാഴ്ചകളും വ്യത്യസ്തമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ് ഈ ലക്ഷ്വറി ടാസ്ക്. 

കോള്‍ സെന്‍ററില്‍ പവനായിരുന്നു ഇത്തവണ കോള്‍ അറ്റന്‍ഡ് ചെയ്തത്. വിളിച്ചതാവട്ടെ അലസാന്‍ഡ്രയും. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചായിരുന്നു അലസാന്‍ഡ്ര സംസാരിച്ചതില്‍ കൂടുതല്‍. താന്‍ ഒന്നിനും കൊള്ളാത്തവനാണെന്നും ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നവനാണെന്നും പവനോട് അലസാന്‍ഡ്ര പറഞ്ഞു. ഭാര്യയെ താങ്കള്‍ സ്നേഹിച്ചിട്ടില്ലെന്നും അവരെ ഉപയോഗിക്കുകയായിരുന്നു എന്നുവരെ അലസാന്‍ഡ്ര പറഞ്ഞു. എന്നാല‍് ചോദ്യങ്ങള്‍ക്ക് സമചിത്തതയോടെ മറുപടി പറഞ്ഞ പവന്‍ പിന്നീട് പൊട്ടിക്കരയുന്നതായിരുന്നു കണ്ടത്. ടീമിലുള്ളവര്‍ അവനെ സമാധാനിപ്പിച്ച് വരുമ്പോഴും കലിയടങ്ങാതെ നില്‍ക്കുകയായിരുന്നു പവന്‍. 

ടാസ്കിന്‍റെ ഭാഗമായാണെന്ന് പറഞ്ഞ് പവനെ സമാധാനിപ്പിക്കാന്‍ അലസാന്‍ഡ്ര എത്തിയതോടെയാണ് പവന്‍ നിയന്ത്രണം വിട്ടത്. പലപ്പോഴും അതിരുവിട്ട വാക് പ്രയോഗങ്ങളും പവന്‍ നടത്തി. ശക്തമായ രീതിയില്‍ സാന്‍ഡ്ര തിരിച്ചടിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് വേറൊരു ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് അറിഞ്ഞിട്ടും താന്‍ സുജോയുടെ പിന്നാലെ നടക്കാന്‍ നാണിമില്ലേയെന്ന് പവന്‍ ചോദിക്കുന്നു. ഇടയ്ക്ക് കയറി വന്ന സുജോ കയ്യാങ്കളിയുടെ വക്കില്‍ വരെയെത്തി. ഇടയ്ക്ക് അലസാന്‍ഡ്രയെ കെട്ടിപ്പിടിച്ചായിരുന്നു സുജോ മറുപടി നല്‍കിയത്.

തുടര്‍ന്ന് സിറ്റൗട്ടിലെത്തിയ പവനോട് ആര്യയും മറ്റ് ടീം അംഗങ്ങളും ചേര്‍ന്ന് കാര്യങ്ങള്‍ പറ‍ഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. വാക്കുകള്‍ മോശമായി ഉപോയഗിച്ചാല്‍ അത് നമുക്ക് നെഗറ്റീവ് ആകുമെന്നായിരുന്നു ഫുക്രു നല്‍കിയ ഉപദേശം. ശ്രദ്ധിക്കണമെന്ന് വാത്സല്യത്തോടെ ആര്യയും ഓര്‍മിപ്പിച്ചു. ഇടയ്ക്കാണ് സുജോയുടെ പുറത്തുള്ള ഗേള്‍ഫ്രണ്ടിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ പവന്‍ നടത്തിയത്. 'ആ മഞ്ഞ ജാക്കറ്റ്, സുജോയുടെ ബെര്‍ത്ത് ഡേയ്ക്ക് സമ്മാനം നല്‍കാന്‍ അയ്യായിരം രൂപ കൊടുത്ത് അവള്‍ വാങ്ങി എന്‍റെ കയ്യില‍് കൊടുത്തുവിട്ടതാണ്. അത് വാങ്ങി കയ്യില്‍ വച്ചിട്ടാണ് ഉളുപ്പില്ലാതെ അവളുമായി ഒന്നുമില്ലെന്ന് പറയുന്നത്'. എന്നായിരുന്നു പവന്‍ വെളിപ്പെടുത്തിയത്.

അവന്‍ എനിക്കിട്ട് തട്ടാനാണ് വന്നതെന്നും അന്തസായി ജോലി ചെയ്താണ് താന്‍ ജീവിക്കുന്നതെന്ന് സുജോ പറയുന്നു.  അങ്ങനെ ഗേള്‍ ഫ്രണ്ടുണ്ടെങ്കില്‍ എന്താ  പ്രശ്നമെന്നാണ് ജസ്ല ചോദിച്ചത്. ഇടയ്ക്ക് കയറി സംസാരിച്ച രഘുവിന്‍റേത് അടി വീഴേണ്ട കേസാണെന്നായിരുന്നു ആര്യ പറഞ്ഞത്. അതേസമയം മോശമയായി സംസാരിച്ചതിന് സോറി പറയാനുള്ള പവന്‍റെ ശ്രമവും പരാജയപ്പെട്ടു. എന്നാല്‍ ഇതിനെല്ലാം പിന്നാലെ സമാന വിഷയത്തില്‍ രഘുവിനെതിരെയാണ് ഫുക്രുവും സാജുവും ആര്യയുമടക്കമുള്ളവര്‍ രംഗത്തുവന്നത്. അമിതമായി കാര്യങ്ങളില്‍ രഘു ഇടപെടുകയാണെന്നായിരുന്നു എല്ലാവരുടെയും ആരോപണം.