ബിഗ് ബോസിലെ സൈബർ ബുള്ളിയിംഗിനെയും പിആറിനെയും കുറിച്ച് അഖിൽ മാരാർ പ്രതികരിക്കുന്നു. അനുമോൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രേക്ഷകര്‍ കാണുന്നെന്നും അവരുടെ വിഷമം വോട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഒരുങ്ങുമ്പോൾ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട കാര്യങ്ങളാണ് സൈബർ ബുള്ളിയിങും പിആറും. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് അഖിൽ മാരാർ. സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് പറഞ്ഞ അഖിൽ മാരാർ, പ്രേക്ഷകർ വിഡ്ഢികളാണെന്നാണോ അനുമോളെ എതിർക്കുന്നവർ വിചാരിക്കുന്നതെന്ന് ചോദിക്കുന്നു. ഞാൻ അനുമോൾക്ക് വേണ്ടിയല്ല സത്യത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. എല്ലാം അനുമോളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും പ്രേക്ഷകർക്കുണ്ടാകുന്ന വിഷമമാണ് വോട്ടായി മാറുന്നതെന്നും അഖിൽ പറയുന്നു. ഒരാളുടെ വിജയത്തെ ആക്ഷേപിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ​ഗിമ്മിക്കാണ് പിആറെന്നും അഖിൽ വ്യക്തമാക്കുന്നുണ്ട്.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

ജാസ്മിൻ ജാഫർ നേരിട്ടതിനെക്കാൾ സൈബർ ബുള്ളിയിങ് വേറൊരു ബി​ഗ് ബോസ് മത്സരാർത്ഥി നേരിട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ശൈത്യ വീണ്ടും വന്ന് ആവർത്തിച്ച് കരഞ്ഞ് മെഴുകുകയാണ്. ഫാമിലി ഉണ്ടെന്നൊക്കെ. അങ്ങനെയാണെങ്കിൽ നിങ്ങൾ ബി​ഗ് ബോസ് പോലൊരു പ്ലാറ്റ് ഫോമിൽ പോകരുത്. പോയാൽ സത്യസന്ധമായി നിൽക്കാൻ പഠിക്കണം. നിങ്ങൾ പറയുന്ന ഓരോ കള്ളങ്ങളും പൊളിച്ചടുക്കി തരും ജനങ്ങൾ. നിങ്ങൾ ജെനുവിൻ ആണെങ്കിൽ സമൂഹം നിങ്ങളെ സ്നേഹിക്കും ഇല്ലെങ്കിൽ പൊളിക്കും.

അനുമോൾക്ക് എന്തെല്ലാം തെറിവിളികൾ കേൾക്കുന്നുണ്ട്. ഹൗസിനുള്ളിൽ വച്ച് മറ്റുള്ളവർ അനാവശ്യമായി കടന്നാക്രമിക്കുന്നു. ആ വ്യക്തിയുടെ ഭാ​ഗത്ത് ശരികൂടി ഉണ്ടെങ്കിൽ അയാൾക്ക് അനുകൂലമായി ജനവികാരം ഒഴുകും. നാളെ അയാൾ ജയിച്ചു കഴിഞ്ഞാൽ അതിന് കാരണം പിആർ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതിലാണോ അർത്ഥമുള്ളത്. റീ എൻട്രിയെന്ന് പറഞ്ഞ് പടു വിഡ്ഢികളെല്ലാം കൂടി അകത്ത് ചെന്നിട്ട് അനുമോൾക്ക് എതിരെ എന്തെല്ലാം ആക്ഷേപമാണ് പറഞ്ഞത്. ഒപ്പം നിന്നവർ പോലും അവളെ അറ്റാക്ക് ചെയ്യുന്നു. അക്ബറിനെ അക്രമിക്കണമെന്ന ഇല്ലാത്തൊരു ആരോപണം അവളുടെ തലയിൽ വച്ച് കെട്ടുന്നു. ഇതെല്ലാം കാണുകയല്ലേ പ്രേക്ഷകർ. പ്രേക്ഷകർ വിഡ്ഢികളാണെന്നാണോ അനുമോളെ എതിർക്കുന്നവർ വിചാരിക്കുന്നത്. 

ഞാൻ അനുമോൾക്ക് വേണ്ടിയല്ല സത്യത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. എല്ലാം അനുമോളുടെ തലയിൽ കെട്ടിവയ്ക്കുകയാണ്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ വിഡ്ഢികളാണോ. ഈ വേളയിൽ മുൻപ് കാണിച്ച ഓരോ കാര്യങ്ങളും അവരെടുത്ത് മുന്നിലിട്ടു തരും. ആര് ആരെ ആക്ഷേപിച്ചാലും പ്രേക്ഷകർ സത്യം പറയും. അനുമോൾക്കെതിരെ കടുത്ത ആരോപണങ്ങൾ വരുമ്പോൾ പലരും എനിക്ക് മെസേജ് അയക്കുന്നുണ്ട്. മറ്റുള്ളവർക്കെതിരെ കേസ് കൊടുക്കാൻ പറ്റുമോന്ന് ചോദിച്ച്. അവരുടെ വിഷമമാണ്. ആ വിഷമമാണ് മത്സരാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റുള്ളവർക്കെതിരെ സംസാരിക്കുന്നതും. ഒരാളുടെ വിജയത്തെ ആക്ഷേപിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ​ഗിമ്മിക്കാണ് പിആർ. യഥാർത്ഥത്തിൽ അനുമോൾക്കെതിരെയാണ് ഒരു വിഭാ​ഗത്തിന്റെ അറ്റാക്ക് നടക്കുന്നത്. ഫേക്ക് വോട്ടുകളെല്ലാം പിടിക്കപ്പെടും. ജെനുവിനായിട്ടുള്ളത് മാത്രമെ കണക്കാക്കുകയുള്ളൂ.

ബി​ഗ് ബോസിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ രാഷ്ട്രീയത്തിൽ എങ്ങനെ മത്സരിക്കാൻ ഇറങ്ങുന്നോ, ആ വേളയിൽ എതിരാളികൾ എന്തെല്ലാം രീതിയിൽ ആക്ഷേപിക്കുന്നോ, ക്യാരക്ടർ അസാസിനേഷൻ ചെയ്യുന്നോ അതെല്ലാം സഹിക്കാനുള്ള ശേഷിയുണ്ടെങ്കിൽ മാത്രം ഇറങ്ങുക. അക്ബർ ഇരുന്ന് വലിയ വിഷമം പറയുന്നതാണ് കേട്ടത്. ഫാമിലി വന്ന് വിഷമം പറയുന്നു. പിന്നെ എന്തിനാണ് ബി​ഗ് ബോസിലേക്ക് പോയത്. ഷോയിലേക്ക് പോയി കഴിഞ്ഞാൽ കയ്യടികളും സ്നേഹവും വാരിപുണരുകളും മാത്രമാണ് ലഭിക്കുന്നതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. എല്ലാതരത്തിലുമുള്ള ജനങ്ങളുടേയും ആക്ഷേപങ്ങൾ കേൾക്കാൻ ബാധ്യതസ്ഥരാണെന്ന ബോധ്യത്തോടെ വേണം ബി​ഗ് ബോസിലേക്ക് പോകാൻ തയ്യാറാകാൻ. ബി​ഗ് ബോസിനുള്ളിൽ പോയിട്ട് എന്റെ കുടുംബത്തെ, എന്നെപറ്റി അങ്ങനെ ഇങ്ങനെ എന്ന് പറയരുത്. ഇതൊന്നും മറ്റൊരാൾ പറയുന്നതല്ല. ഇതെല്ലാം നിങ്ങളുടെ പ്രവർത്തിയാണ് പറയിപ്പിക്കുന്നത്. നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടാണ് തെറി വിളി കേൾക്കുന്നതെന്ന് മനസിലാക്കണം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്