ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഏതാനും ചില സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ഇന്നും ആരാധകരുടെ പ്രിയ താരമാണ് പൂർണിമ. തന്റെ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ, 20 വർഷം പഴക്കമുള്ളൊരു ഓർമച്ചിത്രം പങ്കുവയ്ക്കുകയാണ് പൂർണിമ. 

‘രണ്ടാംഭാവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു മാഗസിനിൽ അടിച്ചുവന്ന കവർചിത്രമാണ് താരം പങ്കുവച്ചത്. സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രമാണിത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘രണ്ടാംഭാവം’. പൂർണിമയും ലെനയുമായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്.

“നോക്കൂ, ഞാനെന്താണ് കണ്ടെത്തിയത് എന്ന്. 2000ൽ എന്റെ രണ്ടാമത്തെ ചിത്രമായ ‘രണ്ടാംഭാവ’ത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രം. ചില ചിത്രങ്ങൾ നിങ്ങളെ ഒരു കൊടുങ്കാറ്റ് പോലെ ബാധിക്കുന്നു, ആ കാലത്തിലേക്കും ചിന്തകളിലേക്കും വികാരങ്ങളിലേക്കും നിങ്ങളിലേക്കും തിരികെ കൊണ്ടുപോകും. ജീവിതം നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു! ഈ യാത്രയിലുടനീളം നിങ്ങൾക്ക് എന്തുതോന്നുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പാഠം. നിങ്ങൾക്ക് എന്തു തോന്നി എന്നതുമാത്രമാണ് ഓർമ്മിക്കപ്പെടുക, അല്ലാതെ ആളുകളോ, സാഹചര്യമോ ചുറ്റുപാടോ അല്ല. അതുകൊണ്ടാണ് നമ്മൾ നമ്മുടെ വികാരങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാകുന്നത്, അതിലൂടെ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കാം,” എന്നാണ് പൂർണിമ കുറിച്ചത്.