ലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രജിത്ത്. 'പടയണി' എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരം പിന്നീട് മലയാളികളുടെ ഇഷ്ട നടനായി മാറുകയായിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ഇന്ദ്രജിത്തിന് ജന്മദിനമാശംസിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ ഏറ്റവും വലിയ ഒരു ഹോബിയെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൂർണിമ. 

വെറുതെയിരിക്കുമ്പോൾ കൂടുതലും ആനിമൽ വീഡിയോസ് കാണാനാണ് ഇന്ദ്രജിത്തിന് ഇഷ്ടം. വീട്ടിൽ ഇരുന്ന് ഫോണിൽ ആനിമൽ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൂർണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ എന്നാണ് പൂർണിമ വീഡിയോയ്ക്കൊപ്പം കുറിച്ചത്. മക്കളായ പ്രാർത്ഥനയും നക്ഷത്രയും അച്ഛനെന്താ കാണുന്നത് എന്ന് ചോദിക്കുമ്പോൾ ഇന്ദ്രജിത്ത് നൽകുന്ന രസകരമായ മറുപടിയും വീഡിയോയിൽ കാണാം.

പടയണിക്ക് ശേഷം ‘ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കിയ ചിത്രങ്ങളിൽ ഒന്ന്. പിന്നീടിങ്ങോട്ട് തിരശ്ശീലയിൽ നിറ സാന്നിധ്യമായി താരമുണ്ട്.