'പൗര്‍ണമിത്തിങ്കളാ'യെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ താരമാണ് ഗൗരി കൃഷ്‍ണ (Gowri Krishnan). 

'പൗര്‍ണമിത്തിങ്കളാ'യെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ താരമാണ് ഗൗരി കൃഷ്‍ണ (Gowri Krishnan). പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിക്കും ഗൗരിയെ സ്‌നേഹിക്കുന്നവര്‍ക്കും ആ ഒരു ഫീല്‍ മാറിയില്ലെന്നുവേണം പറയാന്‍. 'എന്ന് സ്വന്തം ജാനി', 'സീത' തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പുതിയ പരമ്പരയുടെ വിശേഷവും താരം അടുത്തിടെ പങ്കുവച്ചിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ 'മിനിസ്റ്റര്‍ ഗായത്രി ദേവി'യായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്ത അടുത്തിടെയാണ് ഗൗരി പങ്കുവച്ചത്. യൂട്യൂബിലും താരമായ ഗൗരി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. കൂടെവിടെ താരം അൻഷിതയ്ക്കൊപ്പമുള്ള വിശേഷങ്ങളാണ് താരം യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. 

ബോട്ടിങ് നടത്തിക്കൊണ്ട് പരസ്പരം തമാശ പറഞ്ഞും പരിഹസിച്ചും ഏറെ രസകരമായാണ് ഇരുവരും സമയം ചെലവഴിക്കുന്നത്. ഇടയ്ക്ക് ഗൗരിയുടെ വിവാഹ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. കാറ്റേ നീ വീശരുതിപ്പോൾ എന്ന പാട്ടും ഗൗരി പാടുന്നുണ്ട്. ഒപ്പം വിവാഹ വിവരം അറിഞ്ഞപ്പോഴുള്ള ചിലരുടെ പ്രതികരണത്തെ കുറിച്ചും താരം പറയുന്നു. ' തനിക്ക് കല്യാണം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അതിശയമായിരുന്നുവത്രെ. നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത്' എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്'- താരം പറയുന്നു.

 ഗൗരി ചേച്ചിയുടെ സ്വഭാവം അത്ര മോശമല്ല എന്നായിരുന്നു അന്‍ഷിത പറഞ്ഞത്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ്, നോ പറയേണ്ടിടത്ത് നോ തന്നെ പറയും. അത്തരം സ്വഭാവം ഉള്ളതുകൊണ്ടാവാം അടുത്തറിയാവുന്നവര്‍ ഒരു പക്ഷെ കല്യാണ ജീവിതം ശരിയാവില്ല എന്ന് തെറ്റിദ്ധിരച്ചത്'- അൻഷിത പറഞ്ഞതിനോട് ഗൗരിയും യോജിച്ചു. 'പെണ്ണ് അഭിപ്രായ സ്വാതന്ത്രമുള്ളവരല്ലേ, അങ്ങനെയുള്ളവർക്ക് വിവാഹം ചെയ്യുന്നതില്‍ എന്താണ് തെറ്റ്?. ആണ് നല്ലതാണെങ്കില്‍ അയാള്‍ പെണ്ണിന്റെ അഭിപ്രായങ്ങളെയും മാനിക്കും. ദൈവം സഹായിച്ച് എനിക്ക് കിട്ടിയത് അങ്ങനെ ഒരാളെയാണ്- ഗൗരി കൂട്ടിച്ചേർത്തു. 'പണ്ടൊക്കെ കല്യാണക്കാര്യം ചോദിക്കുമ്പോള്‍, അതൊന്നും വേണ്ട എന്ന ഭാവമായിരുന്നു ചേച്ചിക്കെന്ന് അന്‍ഷിത പറഞ്ഞു. എല്ലാം പെട്ടന്നായിരുന്നു എന്നാണ് ഗൗരിയുടെ മറുപടി. നിശ്ചയം കഴിഞ്ഞെങ്കിലും. കല്യാണത്തിന്റെ തിയ്യതി പുറത്ത് വിട്ടിട്ടില്ല. അതിന് ഏറെ സമയമെടുക്കും എന്നാണ് ഗൗരി അവസാനം പറയുന്നത്.

വിവാഹ നിശ്ചയം 

എല്ലാവരെയും അത്ഭുതപ്പെടുത്തിയായിരുന്നു ഗൗരി കൃഷ്‍ണൻ വിവാഹ നിശ്ചയം. എല്ലാം സസ്പെൻസ്. ഒടുവിൽ തന്റെ വരനെ താരം പരിചയപ്പെടുത്തുകയായിരുന്നു. ഗൗരി നായികയായ ‘പൗർണമിത്തിങ്കൾ’ പരമ്പരയുടെ സംവിധായകൻ മനോജ് പേയാട് ആണ് വരൻ. വിവാഹ നിശ്ചയ വിവരം താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അറിയിച്ചത്. മനോജ് സാറിന്റെയും (പൗർണമിത്തിങ്കളിന്റെ സംവിധായകൻ) എന്റെയും വിവാഹനിശ്ചയമാണ്. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം എന്നും ഗൗരി കുറിച്ചു. യുട്യൂബ് ചാനലിൽ വിവാഹനിശ്ചയ ദൃശ്യങ്ങളും ഗൗരി പങ്കുവച്ചിരുന്നു. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മനോജിനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.
വരനെ കുറിച്ച് കൂടുതലൊന്നും താരം ഇതിനുമുമ്പ് വെളിപ്പെടുത്തിയിരുന്നില്ല. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമേ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ. 

YouTube video player

'പൌർണമിയായി' ഗൗരി 

'അനിയത്തി' എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണ സീരിയൽ രംഗത്തേക്ക് എത്തിയത്. 'കാണാക്കണ്‍മണി', 'മാമാങ്കം', 'സീത', 'എന്ന് സ്വന്തം ജാനി', 'അയ്യപ്പ ശരണം' തുടങ്ങി നിരവധി പരമ്പരകളിൽ വേഷമിട്ടു. 'പൗര്‍ണമിത്തിങ്കളി'ലെ വേഷത്തിലൂടെയാണ് ഗൗരി ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയത്. 'പൗർണമിത്തിങ്കളി'ൽ വിഷ്‍ണു നായരാണ് താരത്തിനൊപ്പം അഭിനയിച്ചിരുന്ന പെയര്‍ താരം. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രങ്ങളോടുള്ള ഇഷ്‍ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ 'പ്രേമി' എന്ന പേര്.