Asianet News MalayalamAsianet News Malayalam

'ആദിപുരുഷ്' ഇറങ്ങും മുന്‍പേ പ്രഭാസിന്‍റെ 'രാവണ നി​ഗ്രഹം'; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ദസറ ആഘോഷം: വീഡിയോ

ഓരോ തവണയും ഒരു പ്രമുഖ വ്യക്തിത്വത്തെ പരിപാടിയിലേക്ക് ക്ഷണിക്കാറുണ്ട് സംഘാടകര്‍

prabhas ravan dahan ramlila maidan new delhi adipurush viral video
Author
First Published Oct 6, 2022, 6:57 PM IST

ബാഹുബലി എന്ന ഒറ്റ ഫ്രാഞ്ചൈസി കൊണ്ട് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടനാണ് പ്രഭാസ്. എന്നാല്‍ ബാഹുബലി 2 നു ശേഷം അതേ തോതിലുള്ള വിജയം അദ്ദേഹത്തിന് ആവര്‍ത്തിക്കാനും സാധിച്ചില്ല. സാഹൊ, രാധേശ്യാം എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കാര്യമായ പ്രതികരണങ്ങളൊന്നും ഏല്‍പ്പിക്കാതെ പോയി. പ്രഭാസിന്‍റെ അടുത്ത ചിത്രവും ബിഗ് ബജറ്റില്‍, വമ്പന്‍ കാന്‍വാസിലാണ്. രാമായണകഥ പറയുന്ന ആദിപുരുഷ് ആണ് ചിത്രം. ബോളിവുഡില്‍ നിന്നെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ഇപ്പോഴിതാ തിരശ്ശീലയ്ക്കു പുറത്തും പ്രഭാസ് നടത്തിയ രാവണദഹനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ദസറ ആഘോഷങ്ങളുടെ ഭാഗമായി ദില്ലി രാം ലീല മൈതാനത്ത് നടന്ന രാവണ്‍ ദഹനിലാണ് പ്രഭാസ് പങ്കെടുത്തത്. എല്ലാ വര്‍ഷവും വലിയ ജനപങ്കാളിത്തത്തോടെയാണ് ഇവിടുത്തെ രാവണ്‍ ദഹന്‍ നടക്കാറ്. ഓരോ തവണയും ഒരു പ്രമുഖ വ്യക്തിത്വത്തെ പരിപാടിയിലേക്ക് ക്ഷണിക്കാറുമുണ്ട് സംഘാടകര്‍. ഇത്തവണ ആ ക്ഷണം പ്രഭാസിന് ആയിരുന്നു. 100 അടി പൊക്കമുള്ള രാവണന്‍റെ കോലം ലക്ഷ്യമായി പ്രഭാസ് വില്ല് കുലയ്ക്കുന്നതും ശേഷം കോലം ചാമ്പലാവുന്നതുമൊക്കെ വീഡിയോയില്‍ കാണാം. പ്രഭാസ് ആരാധകര്‍ വലിയ ആവേശത്തോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുന്നുണ്ട്.

അതേസമയം ഏതാനും ദിവസം മുന്‍പ് എത്തിയ ചിത്രത്തിന്‍റെ ടീസര്‍ കൈയടികളേക്കാള്‍ വിമര്‍ശനങ്ങളാണ് നേടിയത്. 500 കോടി ബജറ്റ് പറയപ്പെടുന്ന ഒരു ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്സ് ഒട്ടും നിലവാരമില്ലാത്തതാണെന്നായിരുന്നു പ്രധാന ആക്ഷേപം. പരിഹാസം കനത്തത്തോടെ സംവിധായകന്‍ ഓം റാവത്ത് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചിത്രം ബിഗ് സ്ക്രീന്‍ ലക്ഷ്യം വച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതാണെന്നും മൊബൈല്‍ സ്ക്രീനിന് തങ്ങള്‍ ഉദ്ദേശിക്കുന്ന ദൃശ്യാനുഭവം നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഓം പ്രതികരിച്ചത്.

ALSO READ : 'രാജ രാജ ചോളന്‍റെ കാലത്ത് ഹിന്ദു മതം എന്ന ആശയമില്ല'; വെട്രിമാരന് പിന്തുണയുമായി കമല്‍ ഹാസന്‍

ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Follow Us:
Download App:
  • android
  • ios