ബിഗ് ബജറ്റ് തെലുങ്ക് ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ടീസര്‍ കാണുമ്പോള്‍ തനിക്ക് വലിയ വിഷമം തോന്നുന്നുവെന്ന് പൃഥ്വിരാജ്. ചിരഞ്ജീവി പങ്കെടുത്ത ചിത്രത്തിന്റെ കേരള ലോഞ്ച് വേദിയിലായിരുന്നു പൃഥിരാജിന്റെ പരാമര്‍ശം. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിരഞ്ജീവി വിളിച്ചതാണെന്നും എന്നാല്‍ തിരക്ക് കാരണം സാധിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. 

'ഈ സിനിമയുടെ ടീസര്‍ കാണുമ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നുന്നുണ്ട്. കാരണം ചിരഞ്ജീവി സാര്‍ ഈ സിനിമയില്‍ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നതാണ്. നിര്‍ഭാഗ്യവശാല്‍ മറ്റ് സിനിമകളുടെ തിരക്കുകളാല്‍ അതിന് സാധിച്ചില്ല. പക്ഷേ ഇന്ന് ഇത് കാണുമ്പോള്‍ ഞാന്‍ എന്റെതന്നെ നെഞ്ചത്തടിച്ച് പോവുകയാണ്. കാരണം ഇത്തരമൊരു പ്രോഡക്ടില്‍ ഒരു ഷോട്ടിലെങ്കിലും അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണ്', പൃഥ്വിരാജ് പറഞ്ഞു.

285 കോടിയാണ് സെയ്‌റ നരസിംഹ റെഡ്ഡിയുടെ ബജറ്റ്. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, കിച്ച സുദീപ് തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.