ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനുവേണ്ടി വലിയ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരുന്നത്. ശരീരഭാരം 30 കിലോഗ്രാം കുറച്ചതും താടി വളര്‍ത്തിയതുമായിരുന്നു അതില്‍ പ്രധാനം. ഇപ്പോഴിതാ ജോര്‍ദ്ദാന്‍ ഷെഡ്യൂളിനും തിരിച്ചെത്തിയതിനു ശേഷമുള്ള ക്വാറന്‍റീനും ശേഷം ലുക്കില്‍ വ്യത്യാസം വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. താടി എടുത്ത് ക്ലീന്‍ ഷേവ് ചെയ്‍ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വി തന്നെയാണ് പങ്കുവച്ചത്. 'ജിം ബോഡി വിത്ത് നോ താടി' എന്നാണ് ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന ക്യാപ്‍ഷന്‍.

ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാന്‍ ഷെഡ്യൂളിനു ശേഷം തിരിച്ചെത്തിയ പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ പെയ്‍ഡ് ക്വാറന്‍റീന്‍ സൗകര്യത്തിലാണ് ആദ്യം കഴിഞ്ഞത്. അവിടെ തനിക്കുവേണ്ടി ഒരുക്കപ്പെട്ട മിനി ജിമ്മിനെക്കുറിച്ച് പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ ആവേശത്തോടെ പറഞ്ഞിരുന്നു. ആടുജീവിതം മേക്കോവറില്‍ നിന്ന് മാറുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു ഈ പോസ്റ്റ്.

ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ആടുജീവിതത്തിന് ജോര്‍ദ്ദാനില്‍ ഇനിയും ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്. സഹാറ മരുഭൂമിയാണ് മറ്റൊരു ലൊക്കേഷന്‍. ബെന്യാമിന്‍റെ പ്രശസ്ത നോവലിന് ബ്ലെസി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. കെ യു മോഹനന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.