റിപബ്ലിക് ദിനത്തില്‍ 24 വര്‍ഷം മുന്‍പുള്ള ഒരു ഓര്‍മ്മ പങ്കുവച്ച് പൃഥ്വിരാജ്. 1997ലെ റിപബ്ലിക് ദിനത്തിലെ പരേഡില്‍ പങ്കെടുത്തതിന്‍റെ ഓര്‍മ്മച്ചിത്രമാണ് പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അന്ന് കഴക്കൂട്ടം സൈനിക് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന പൃഥ്വി കേരളത്തില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് പരേഡില്‍ ഉള്ളത്. വേലകളിയുടെ വേഷത്തിലാണ് ചിത്രത്തിലെ പൃഥ്വിരാജ്. ഒപ്പം റിപബ്ലിക് ദിനാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്.

സൈനിക് സ്കൂളിലെ വിദ്യാഭ്യാസ കാലത്തെക്കുറിച്ച് പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കര്‍ശനമായ അച്ചടക്കമുള്ള സ്കൂളിലെ വിദ്യാഭ്യാസം വിദ്യാര്‍ഥിയായിരുന്ന കാലത്ത് പ്രയാസകരമായി തോന്നിയിരുന്നുവെങ്കിലും വ്യക്തിത്വ രൂപീകരണത്തില്‍ എത് എത്രത്തോളം പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സൈനിക് സ്കൂളില്‍ 12-ാം ക്ലാസിലെ സി ഡിവിഷന്‍ വിദ്യാര്‍ഥിയായിരുന്നു പൃഥ്വി. സൈനിക സ്കൂളിലും ഭാരതീയ വിദ്യാഭാവനിലുമായാണ് പൃഥ്വിരാജ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

അതേസമയം പൃഥ്വിരാജിന്‍റെ പുതിയ ചിത്രം 'ജന ഗണ മന'യുടെ പ്രൊമോ വീഡിയോ ഇന്ന് പുറത്തെത്തിയിരുന്നു. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്രീ ദിവ്യ, മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴഗം പെരുമാള്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഷാരിസ് മുഹമ്മദിന്‍റേതാണ് രചന. പ്രൊമോ വീഡിയോ യുട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.