3.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന്റെ മധ്യഭാഗത്തിന് ശേഷം കടന്നുവരുന്ന രംഗമാണിത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'സ്റ്റീഫന്‍ നെടുമ്പള്ളി'യെക്കുറിച്ച് ഇന്ദ്രജിത്ത് കഥാപാത്രത്തിന്റെ വോയ്‌സ്ഓവറിനിടെയാണ് ഈ രംഗം കടന്നുവരുന്നത്.

സമീപകാലത്ത് ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രമാവുകയാണ് ലൂസിഫര്‍. എന്നാലത് ചിത്രത്തെക്കുറിച്ച് സംവിധായകനോ തിരക്കഥാകൃത്തോ നായകനടനോ നടത്തുന്ന അവകാശവാദങ്ങളിലൂടെയല്ല എന്നതാണ് ലൂസിഫറിന്റെ പ്രത്യേകത. മറിച്ച് മലയാളത്തിലെ ശ്രദ്ധേയ താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്ന യുഎസ്പി പ്രോജക്ട് പ്രഖ്യാപിക്കുന്ന സമയത്തുതന്നെ വലിയ പ്രചരണം കൊടുത്തിരുന്നു ചിത്രത്തിന്. ചിത്രീകരണത്തിന്റെ ഒരു ഘട്ടത്തിലും ചിത്രത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വളരെ ശ്രദ്ധിച്ച് മാത്രമാണ് പൃഥ്വിരാജും മോഹന്‍ലാലും മുരളി ഗോപിയുമൊക്കെ മറുപടി പറഞ്ഞത്. തങ്ങളുടെ വാക്കുകള്‍ അവകാശവാദങ്ങളിലേക്ക് കടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഇവരുടെയെല്ലാം വാക്കുകളില്‍ പ്രകടമായിരുന്നു. അവസാനം റിലീസിന് ഒരാഴ്ച മുന്‍പ് ട്രെയ്‌ലര്‍ പുറത്തെത്തിയപ്പോള്‍ ലഭിച്ച വന്‍ വരവേല്‍പ്പ് ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പിന്റെ അളവെത്രയെന്ന് വ്യക്തമാക്കുന്നതായിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത് മൂന്നാം ദിവസം പിന്നിടാനൊരുങ്ങുമ്പോള്‍ 48 ലക്ഷം കാഴ്ചകളാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. ട്രെയ്‌ലറിലെ 'മാസ്' രംഗമെന്ന് ലാല്‍ ആരാധകരാല്‍ വിലയിരുത്തപ്പെട്ട ഒരു രംഗത്തിന്റെ ക്യാമറാ മൂവ്‌മെന്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.

3.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന്റെ മധ്യഭാഗത്തിന് ശേഷം കടന്നുവരുന്ന രംഗമാണിത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'സ്റ്റീഫന്‍ നെടുമ്പള്ളി'യെക്കുറിച്ച് ഇന്ദ്രജിത്ത് കഥാപാത്രത്തിന്റെ വോയ്‌സ്ഓവറിനിടെയാണ് ഈ രംഗം കടന്നുവരുന്നത്. മോഹന്‍ലാല്‍ കഥാപാത്രം ആരെയോ നേരിടാന്‍ ഒരുങ്ങിനില്‍ക്കുന്നുവെന്ന തോന്നല്‍ ഉളവാക്കുന്ന രംഗം. ആ രംഗത്തിന് പൃഥ്വിരാജ് കുറിച്ചിരിക്കുന്ന ക്യാമറാ മൂവ്‌മെന്റ്‌സ് ഇങ്ങനെ.. 'Track back..shift..left hand enters foreground..shift focus to hand.. 'VAADA..!'

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫര്‍ 28നാണ് തീയേറ്ററുകളിലെത്തുന്നത്. ഇതിനകം ആരംഭിച്ചിട്ടുള്ള അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.