മര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേ നേടാൻ താരത്തിന് സാധിച്ചു. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. ഇപ്പോൾ പുതിയ വർഷത്തിൽ തന്റെ പ്രതിജ്ഞ എന്താണെന്ന് പറയുകയാണ് പ്രിയ.

“ഈ വർഷം, ആരെയും പിന്തുടരരുത്. ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവർക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക,” പ്രിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ചിത്രമാണ് 'ശ്രീദേവി ബംഗ്ലാവ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.