തെലുങ്ക് സിനിമയിലെ താരറാണിമാരായ സാമന്ത റൂത്ത് പ്രഭുവും ശ്രീലീലയും ജിക്യു ഇന്ത്യയുടെ പരിപാടിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടു. 

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ താരറാണിമാരായ സാമന്ത റൂത്ത് പ്രഭുവും ശ്രീലീലയും ഒരു പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ‘പുഷ്പ 2: ദി റൂൾ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്തകൾ 2024-ൽ പുറത്തുവന്നിരുന്നു. എന്നാൽ, ജിക്യു ഇന്ത്യയുടെ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ യങ് ഇന്ത്യൻസ് പരിപാടിയിൽ ഇരുവരും ഒന്നിച്ചെത്തുക മാത്രമല്ല ഒന്നിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു.

2021-ൽ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ ഗാനത്തിലെ ഡാന്‍സിലൂടെ സാമന്ത റൂത്ത് പ്രഭു ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ‘പുഷ്പ 2’ൽ ഈ ഗാനത്തിന്റെ പകരക്കാരിയായി ശ്രീലീലയെയാണ് അണിയറക്കാര്‍ കൊണ്ടുവന്നത്. ശ്രീലീലയുടെ ‘കിസ്സിക്ക്’ എന്ന ഗാനം ‘ഓ ഓ അണ്ടവ’യുമായി താരതമ്യം ചെയ്യപ്പെട്ടപ്പോൾ ആരാധകർക്കിടയിൽ സാമന്തയും ശ്രീലീലയും തമ്മിൽ മത്സരമുണ്ടെന്ന അഭ്യൂഹം പരന്നിരുന്നു. ചിലർ ‘കിസ്സിക്ക്’ ഗാനത്തിന് ‘ഓ ഓ അണ്ടവ’ യുടെ ജനപ്രീതി ലഭിച്ചില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഈ വിവാദങ്ങളോട് പ്രതികരിച്ച ശ്രീലീല, ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു: “ഈ ഗാനത്തിന് പിന്നിൽ ശക്തമായ ഒരു കഥാപശ്ചാത്തലമുണ്ട്. ഇത് സാധാരണ ഒരു ഐറ്റം ഗാനമല്ല. ചിത്രം റിലീസ് ചെയ്യുമ്പോൾ ഇതിന്റെ പ്രാധാന്യം പ്രേക്ഷകർക്ക് മനസ്സിലാകും.” എന്നാണ് പറഞ്ഞത്.

ജിക്യു ഇന്ത്യയുടെ പരിപാടിയിൽ സാമന്തയും ശ്രീലീലയും ഒന്നിച്ചെത്തിയപ്പോൾ, ഇരുവരും പരസ്പരം കൈകോർത്ത് പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. സാമന്ത ഒരു കറുത്ത ഷീർ ഗൗണിലും, ശ്രീലീല ചുവന്ന ഓഫ്-ഷോൾഡർ ഗൗണിലുമാണ് എത്തിയത്. ഒരു വീഡിയോയിൽ, സാമന്ത ശ്രീലീലയെ വേദിയിലേക്ക് ക്ഷണിക്കുന്നതും ഇരുവരും ചിരിച്ചുകൊണ്ട് ഒന്നിച്ച് പോസ് ചെയ്യുന്നതും കാണാം.

ഈ സൗഹൃദപരമായ കൂടിക്കാഴ്ച ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾ വൈറലായി 'പുഷ്പ ഗേൾസ്' എന്ന ഹാഷ്ടാഗോടെ ആരാധകർ ഈ ചിത്രം പങ്കുവച്ചത്. നേരത്തെ ശ്രീലീലയുടെ 24-ാം ജന്മദിനത്തിൽ ജൂൺ 14ന് സാമന്ത, ശ്രീലീലയെ ആശംസിച്ചിരുന്നു.