യെ മായ ചെസാവേ എന്ന ചിത്രത്തിന്റെ റീ-റിലീസിന്റെ പ്രമോഷനിൽ പങ്കെടുക്കില്ലെന്ന് സാമന്ത സ്ഥിരീകരിച്ചു.
ഹൈദരാബാദ്: തെലുങ്ക് സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന യെ മായ ചെസാവേ എന്ന ചിത്രം 2025-ൽ വീണ്ടും തിയേറ്ററുകളിലെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ചിത്രത്തിന്‍റെ പ്രമോഷനിൽ നായിക സാമന്ത തന്റെ മുൻ ഭർത്താവായ നാഗ ചൈതന്യയ്‌ക്കൊപ്പം ഒന്നിക്കുമെന്ന പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. സാമന്ത തന്നെ ചിത്രത്തിന്‍റെ പ്രമോഷന്‍ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു.
2010-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായ ചെസാവേ എന്ന റൊമാന്റിക് ചിത്രം സാമന്തയുടെയും നാഗ ചൈതന്യയുടെയും കരിയറിലെ നാഴികക്കല്ലായിരുന്നു. ഇരുവരുടെയും പ്രകടനവും എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതവും വന്‍ ഹിറ്റായിരുന്നു. തമിഴില്‍ വന്‍ ഹിറ്റായ വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിന്‍റെ റീമേക്കായിരുന്നു ചിത്രം. ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപനം വന്നതോടെ സാമന്തയും നാഗ ചൈതന്യയും പ്രമോഷനായി ഒന്നിക്കുമോ എന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു.
എന്നാൽ, സാമന്ത ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. "ഞാൻ യെ മായ ചെസാവേചിത്രത്തിന്റെ പ്രമോഷനിൽ ആരോടൊപ്പവും പങ്കെടുക്കുന്നില്ല. വാസ്തവത്തിൽ, ചിത്രത്തിന്റെ പ്രമോഷൻ നടത്തുന്നേയില്ല," എന്ന് സാമന്ത ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. ഷൂട്ടിംഗിന്‍റെ ഓരോ വിശദാംശവും തന്റെ ഓർമയിൽ ഉണ്ടെന്നും, ആ ചിത്രം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും താരം കൂട്ടിച്ചേർത്തു.
സാമന്തയുടെ ഈ തീരുമാനം ചില ആരാധകർക്ക് നിരാശ സമ്മാനിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന താരത്തിന്റെ ആത്മവിശ്വാസത്തെ പലരും അഭിനന്ദിച്ചു. "നിന്റെ എല്ലാ തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു, സാമന്ത!" എന്നാണ് ഒരു ആരാധകന്റെ കമന്‍റ്. മറ്റൊരാൾ എഴുതി "യെ മായ ചെസാവേ ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും, നിന്റെ തീരുമാനം എന്തായാലും."
നാഗ ചൈതന്യയുമായുള്ള വിവാഹബന്ധം 2021-ൽ അവസാനിച്ചതിന് ശേഷം സാമന്തയും നാഗ ചൈതന്യയും ഒന്നിച്ച് ഒരു വേദിയിലും വന്നിട്ടില്ല. യെ മായ ചെസാവേ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് നാഗ ചൈതന്യയും സാമന്തയും പ്രണയത്തിലാകുന്നത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. നാഗ ചൈതന്യ പിന്നീട് ശോഭിതയെ വിവാഹം കഴിച്ചു.
