കൊച്ചി: ടെലിവിഷന്‍ പരമ്പരയിലൂടെയാണ് രചന നാരായണൻ കുട്ടി പ്രേക്ഷകര്‍ക്ക് സുപരിചിതരാകുന്നത്. 'മറിമായം' എന്ന ഹിറ്റ് പരമ്പരയില്‍ വത്സല എന്ന കഥാപാത്രമായിട്ടായിരുന്നു രചന എത്തിയത്. പരമ്പരയില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് രംഗപ്രവേശം ചെയ്തു. നിരവധി സ്റ്റേജ് ഷോകളില്‍ നര്‍ത്തകിയായി സജീവമായിരുന്നു ഇക്കാലയളവില്‍ രചന.

അഭിനയത്തോളം തന്നെ തനിക്ക് പ്രിയപ്പെട്ടതാണ്  നൃത്തവും എന്ന് ആവര്‍ത്തിക്കുന്ന രചനയെ തേടി പുതിയ അംഗീകാരം എത്തിയിരിക്കുകയാണ്. മുംബൈയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്കാരമാണ് രചനയെ തേടിയെത്തിയിരിക്കുന്നത്.

ദേവദാസി സമ്പ്രദായം മുന്‍നിര്‍ത്തിയുള്ള നിത്യസുമംഗലി എന്ന തമിഴ് ചിത്രത്തിലെ നൃത്ത സംവിധാനത്തിനാണ് അംഗീകാരം. മുത്തുവേലമ്മാള്‍ എന്ന ദേവദാസിയുടെ കഥ പറയുന്ന വിനോദ് മങ്കര സംവിധാനം ചെയ്ത  ചിത്രത്തിലെ നൃത്തസംവിധാനത്തിനാണ് രചനയ്ക്ക് പുരസ്കാരം ലഭിച്ചത്.

'നൃത്തത്തിനായുള്ള ആദൄ അംഗീകാരം.... അതും അന്താരാഷ്ട്ര തലത്തിൽ നൃത്തസംവിധാനത്തിന്. ഈ അംഗീകാരം ആനന്ദ നടരാജനുള്ള സമർപ്പണമാണ്. ഒരുപാടൊരുപാട് പറയുവാനുണ്ട്... വിശദമായി...വേഗം തന്നെ വരാം നന്ദി എല്ലാവർക്കും'- എന്നും പുരസ്കാര ചിത്രം പങ്കുവച്ച് രചന ഫേസ്ബുക്കില്‍ കുറിച്ചു.