തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ പ്രധാനി ആയിരിക്കുമ്പോള്‍ത്തന്നെ വ്യക്തിജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നയാളുമാണ് രജനീകാന്ത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും അഭിമുഖങ്ങളിലൊന്നും അങ്ങനെ പറയാറില്ല. അത്തരം ചോദ്യങ്ങളെ എന്തെങ്കിലും പറഞ്ഞ് എളുപ്പത്തില്‍ മറികടക്കുകയാണ് അദ്ദേഹം സാധാരണ ചെയ്യുക. എന്നാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രജനീകാന്ത്. കമല്‍ഹാസന്റെ കൂടി സാന്നിധ്യത്തിലാണ് രജനി ഇക്കാര്യം പറഞ്ഞത്.

കമല്‍ ഹാസന്‍ സിനിമയിലെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായ സംവിധായകന്‍ കെ ബാലചന്ദറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് രജനി കമലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും എക്കാലത്തെയും പ്രിയചിത്രങ്ങളെക്കുറിച്ചും പറഞ്ഞത്.

ഹോളിവുഡ് ചിത്രം ഗോഡ്ഫാദര്‍ (1972, സംവിധാനം ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള), തമിഴ് ചിത്രങ്ങളായ തിരുവിളൈയാടല്‍ (1965, എ പി നാഗരാജന്‍), ഹേ റാം (2000, കമല്‍ ഹാസന്‍) എന്നിവയാണ് തനിക്ക് ഏറ്റവും പ്രിയങ്കരമായ ചിത്രങ്ങളെന്ന് ചടങ്ങില്‍ രജനീകാന്ത് പറഞ്ഞു. 'മറ്റൊന്നും കാണാനില്ലാതെ വരുമ്പോള്‍ ഈ ചിത്രങ്ങള്‍ ഇപ്പോഴും കാണാറുണ്ട്. ഹേ റാം ഞാന്‍ 30-40 തവണ കണ്ടിട്ടുണ്ട്', രജനി പറഞ്ഞു.

അതേസമയം 'ദര്‍ബാര്‍' ആണ് രജനിയുടെ അടുത്ത ചിത്രം. മുരുഗദോസ് ആണ് സംവിധാനം. ആദ്യമായാണ് രജനിയെ നായകനാക്കി മുരുഗദോസ് ഒരു ചിത്രം ഒരുക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറാണ് രജനിയുടെ കഥാപാത്രം. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനി ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992ല്‍ പ്രദര്‍ശനത്തിനെത്തിയ 'പാണ്ഡ്യനി'ലാണ് അദ്ദേഹം ഇതിനുമുന്‍പ് പൊലീസ് യൂണിഫോം അണിഞ്ഞത്.