ഹിന്ദി സിനിമ നടിയും മോഡലുമായ രാഖി സാവന്ത്  വിവാഹിതയായെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശിയാണ് വരൻ എന്നും ആയിരുന്നു റിപ്പോര്‍ട്ട്. മുംബൈയില്‍ വെച്ചായിരുന്നു വിവാഹം എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ രാഖി സാവന്ത് വാര്‍ത്ത നിഷേധിക്കുകയായിരുന്നു. പക്ഷേ മധുവിധു ചിത്രങ്ങള്‍ വൈറലായതോടെ താൻ വിവാഹിതയായിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഖി സാവന്ത്.

ഞാൻ ഭയന്നിരുന്നു, പക്ഷേ ശരിയാണ്. ഞാൻ വിവാഹിതയായി- രാഖി സാവന്ത് ഒരു വെബ്‍സൈറ്റിനോട് പറഞ്ഞു. റിതേഷ് എന്നയാളാണ് വരനെന്നും രാഖി സാവന്ത് പറയുന്നു. യുകെയിലാണ് റിതേഷ്. അദ്ദേഹം യുകെയിലേക്ക് പോയി. വിസ നടപടികള്‍ നടക്കുകയാണ്. ഉടൻ താനും അങ്ങോട്ടും പോകും. ഇന്ത്യയില്‍ ഉള്ളപ്പോള്‍ ജോലിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം.  ടിവി ഷോകളും മറ്റും നിര്‍മ്മിക്കാൻ താല്‍പര്യമുണ്ടെന്നും രാഖി സാവന്ത് പറയുന്നു. പ്രഭു ചാവ്‍ലയുമായുള്ള തന്റെ അഭിമുഖം കണ്ടതുമുതല്‍ റിതേഷ് തന്റെ ഫാനായിരുന്നു. പിന്നീട് പരിചയം സൌഹൃദമാകുകയും വിവാഹത്തിലെത്തുകയും ചെയ്യുകയായിരുന്നു- രാഖി സാവന്ത് പറയുന്നു.

 ഒരു ബ്രൈഡല്‍ ഷൂട്ടായിരുന്നു നടന്നത് എന്നായിരുന്നു ആദ്യം വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ രാഖി സാവന്ത് പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ഞാൻ വിവാഹിതയായെന്ന് ആള്‍ക്കാര്‍ പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ വിവാഹിതയായിട്ടില്ല. എനിക്ക് പ്രണയബന്ധവുമില്ല. സിംഗിള്‍ ആണ്- രാഖി സാവന്ത് പറഞ്ഞിരുന്നു.