ദില്ലി: പുകവലിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിന് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം രാകുല്‍ പ്രീത് സിംഗ്. നാഗാര്‍ജ്ജുനയ്ക്കൊപ്പമുള്ള ചിത്രമായ മൻമഥുഡു 2 വില്‍ രാകുല്‍ പുകവലിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വന്നതോടെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. 

കബീര്‍ സിംഗ് എന്ന ചിത്രത്തിലുടനീളം  നായകന്‍ പുകവലിച്ചു, മദ്യപിച്ചു. അത് നിങ്ങളെ ബാധിച്ചില്ല, പിന്നെങ്ങനെയാണ് ഒരു രംഗത്തിലുള്ള എന്‍റെ പുകവലി നിങ്ങള്‍ക്ക് പ്രശ്നമാകുന്നതെന്നാണ് രാകുല്‍ വിമര്‍ശകരോട് ചോദിച്ചത്. ഞാന്‍ അഭിനയിക്കുകയാണ് ചെയ്തത്. പുകവലിച്ചതായി അഭിനയിച്ചതുകൊണ്ട് പുകവലിയെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങളുടെ ഇത്തരം വിമര്‍ശനവും പരിഹാസവും തന്നെ ബാധിക്കില്ലെന്നും താരം പറഞ്ഞു. അര്‍ജ്ജുന്‍ റെഡ്ഢി എന്ന് തെലുഗ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പായിരുന്നു കബീര്‍ സിംഗ്. 

ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിന് അപമാനിക്കുന്ന രീതിയിലാണ് രാകുല്‍ ആ രംഗത്തില്‍ അഭിനയിച്ചതെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ രാകുലിനെതിരെയുയര്‍ന്ന വിമര്‍ശനം. പുകവലിയെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല, വലിക്കുന്നവര്‍ക്ക് ആകാമെന്നും രാകുല്‍ വ്യക്തമാക്കി.