മുംബൈ: സ്വജനപക്ഷപാതം ആരോപിച്ച് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന രൂക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സമവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയാണ് കരണ്‍ ജോഹറിന് നേരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം തുടങ്ങിയത്. സുശാന്തിന്‍റെ മരണത്തിന് പിന്നാലെ കരണ്‍ ജോഹര്‍ നടത്തിയ പ്രതികരണം നിരവധി സുശാന്ത് ആരാധകരെ പ്രകോപിതരാക്കിയിരുന്നു. 

കരണ്‍ ജോഹറിനെ നിരുപാധികം പിന്തുണച്ചാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റുകള്‍. കരണ്‍ ജോഹറിനെ പഴി പറയുന്നത് സിനിമാ മേഖലയേക്കുറിച്ച് കാര്യമായ അറിവില്ലാത്തവരാണ്.

സുശാന്തുമായി കരണ്‍ ജോഹറിന് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ കൂടിയും ആര്‍ക്കൊപ്പം ചിത്രമെടുക്കണമെന്നത് സംവിധായകന്‍റെ തീരുമാനമാണ്. മറ്റേത് സംവിധായകരേപ്പോലെയും കരണിനും ആ സ്വാതന്ത്ര്യമുണ്ട്. കരണ്‍ ജോഹറിന് നേരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണമാണ്. ഈ സാഹചര്യത്തില്‍ തെറ്റായ കാഴ്ചപ്പാടുള്ളവര്‍ കരണ്‍ ജോഹറിനെ ഇരയാക്കുകയാണെന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റില്‍ പ്രതികരിക്കുന്നു. 

സിനിമയില്‍ പുറത്ത് നിന്നുള്ളവര്‍ അകത്ത് നിന്നുള്ളവര്‍ അങ്ങനെ വേര്‍തിരിവില്ല.കാഴ്ചക്കാരാണ് തീരുമാനിക്കുന്നത്. ആരാധകരെ സ്വാധീനിക്കാന്‍ എത്ര വലിയ താരകുടുംബത്തിനും സാധിക്കില്ലെന്നും രാംഗോപാല്‍ വര്‍മ്മ വിശദമാക്കുന്നു.

സ്വജനപക്ഷപാതമില്ലെങ്കിൽ സമൂഹം തകരും, കാരണം സ്വജനപക്ഷപാതം അഥവാ സ്വന്തക്കാരോടുള്ള അടുപ്പമാണ് സുദൃഢമായൊരു സമൂഹത്തിന്റെ ആധാരശിലയെന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.