ഇന്തോനേഷ്യയിലേക്ക് യാത്ര പോയതിന്റെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. രണ്ട് വര്‍ഷമായി നീണ്ട പ്ലാനിങ്ങിന് ശേഷമാണ് ഈ യാത്ര സഫലമാകുന്നതെന്ന് രഞ്ജിനി പറയുന്നു. അര്‍ച്ചന ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് രഞ്ജിനി യാത്ര പോയത്. എന്നാല്‍ വ്യത്യസ്തമായ കാഴ്ചകള്‍ക്കൊപ്പം യാത്രയ്ക്കിടെ സംഭവിച്ച ഒരു അബദ്ധമാണ് വീഡിയോ ഹിറ്റാക്കിയിരിക്കുന്നത്.

ബാലിയിലെ പ്രശസ്ത ക്ഷേത്രമായ ഉലുവാട്ടിലേക്കുള്ള യാത്രയ്ക്കിടെ അര്‍ച്ചനയുടെയും പിന്നാലെ രഞ്ജിനിയുടെയും ഫോണുകള്‍ തട്ടിപ്പറിച്ചോടുന്ന കുരങ്ങുകളുടെ ദൃശ്യങ്ങളാണ് വീഡിയോയിലെ അപ്രതീക്ഷിച്ച നിമിഷങ്ങള്‍. സാരോംഗ് എന്ന പരമ്പരാഗത വസ്ത്രം ധരിച്ചാണ് ആ ക്ഷേത്രത്തിലേക്ക്  യാത്ര ചെയ്യേണ്ടത് എന്നതിനാല്‍ എല്ലാവരും ആ വേഷത്തിലായിരുന്നു. കാഴ്ച കണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തി നടക്കുന്നതിനിടെ അര്‍ച്ചനയുടെ ഫോണ്‍ തട്ടിപ്പറിച്ച് കുരങ്ങ് ഓടുകയായിരുന്നു,  പിന്നാലെ അര്‍ച്ചനയും. മങ്കി ഫോണ്‍ തട്ടിയെടുത്തെന്ന് ചിരിച്ചുകൊണ്ട് പറയുന്നതിനിടെ, രഞ്ജിനിയുടെ ഫോണും മറ്റൊരു കുരങ്ങന്‍ തട്ടിയെടുക്കുകയായിരുന്നു.

ഒരുവിധത്തിലാണ് രഞ്ജിനി കുരങ്ങില്‍ നിന്ന് ഫോണ്‍ തിരികെ വാങ്ങുന്നത്.  അപ്പോഴേക്കും ഫോണിന്റെ ഗ്ലാസ് ഗാര്‍ഡും കവറുമെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അര്‍ച്ചനയുടെ ഫോണ്‍ തിരികെ ലഭിക്കാന്‍ ടിപ്പ് നല്‍കി അവിടെയുള്ള ഒരു ഗൈഡിനെ സമീപിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ പരിശീലനം ലഭിച്ച കുരങ്ങന്‍മാരെ ഉപയോഗിച്ച് തട്ടിപ്പും അവിടെ നടക്കുന്നതായി രഞ്ജിനി വീഡിയോയില്‍ പറയുന്നു.